നന്തി ബൈപ്പാസ് വഴി വരുന്ന വാഹനങ്ങൾ കൊല്ലത്തെ റോഡുതടസ്സത്തിൽ കുടുങ്ങുന്നു

കൊയിലാണ്ടി : കൊല്ലം പന്തലായനിഭാഗത്ത് റോഡിൽ തടസ്സമുണ്ടെന്നറിയാതെ നന്തിയിൽനിന്ന് കോഴിക്കോടു ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൊല്ലത്തെ റോഡ് തടസ്സത്തിൽ കുടുങ്ങുന്നു. കൊല്ലം കുന്ന്യോറമല ഭാഗത്താണ് റോഡിൽ തടസ്സമുള്ളത്. ഇതുവഴി ഇരുചക്രവാഹനങ്ങൾക്ക് മാത്രമാണ് കഷ്ടിച്ചുപ്പോകാൻ കഴിയുന്നത്. ഗതാഗതതടസ്സം അറിയിച്ചുകൊണ്ട് നന്തിയിൽ മുന്നറിയിപ്പു ബോർഡുകളൊന്നും സ്ഥാപിച്ചിട്ടില്ല. പല ദീർഘദൂരയാത്രക്കാരും ഗൂഗിൾ മാപ്പ് നോക്കിവരുകയാണ് പതിവ്. കൊല്ലത്ത് എത്തുമ്പോൾ മാത്രമാണ് റോഡിലെ തടസ്സം അറിയുക.
ഇങ്ങനെവരുന്ന വാഹനങ്ങൾവീണ്ടും ബൈപ്പാസിലേക്ക് കയറണമെങ്കിൽ കുന്ന്യോറമലയിൽനിന്ന് കൊല്ലം റോഡിലേക്ക് വരണം. കൊല്ലത്തുനിന്നും പന്തലായനി എച്ച്.എസ്.എസ്. വഴി ബൈപ്പാസിലേക്ക് പ്രവേശിക്കാം. എന്നാൽ ഈ റോഡിന് വേണ്ടത്ര വീതിയില്ലാത്തതിനാൽ എതിർദിശയിൽനിന്ന് വാഹനങ്ങൾ വരുമ്പോൾ വശംകൊടുക്കുക പ്രയാസമാണ്.
കൊല്ലം എസ്.എൻ.ഡി.പി. ഗുരുദേവ കോളേജിനുസമീപം ഫുട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കാനുള്ള സാമഗ്രികൾ ഇറക്കിയിട്ടുണ്ട്. ഇതിന്റെ പ്രവൃത്തി തുടങ്ങിയതിനാലാണ് ഇതുവഴിയുള്ള യാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയത്.