എം.സി.എഫ്. കേന്ദ്രത്തിലെ തീപ്പിടിത്തം ആശങ്കയുയർത്തുന്നു

വടകര : വ്യാപാരകേന്ദ്രമായ വടകര നാരായണനഗറിന് സമീപം സ്ഥിതിചെയ്യുന്ന വടകര നഗരസഭാ എം.സി.എഫ്. കേന്ദ്രത്തിന് രണ്ടാംതവണയും തീപിടിച്ചത് ആശങ്കയുണർത്തുന്നു. വലിയ അപകടമില്ലാതെ തീയണയ്ക്കാൻ സാധിച്ചെങ്കിലും തിരക്കേറിയ സ്ഥലത്താണ് എം.സി.എഫ്. കേന്ദ്രമെന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്. നഗരസഭയുടെ ഇൻഡോർസ്റ്റേഡിയം എം.സി.എഫ്. കേന്ദ്രത്തിന് തൊട്ടടുത്താണ്. ദേശീയപാതയിൽനിന്ന്‌ അൻപതുമീറ്റർ അടുത്താണ് കേന്ദ്രം.

നേരത്തേ നഗരസഭ മത്സ്യമാർക്കറ്റിനായി പണിത കെട്ടിടമാണ് എം.സി.എഫ്. കേന്ദ്രമാക്കിയത്. ഇത് പിന്നീട് വിപുലീകരിച്ച് മൊത്തം സ്ഥലവും അജൈവമാലിന്യം സൂക്ഷിക്കുകയും തരംതിരിക്കുകയും ചെയ്യുന്ന കേന്ദ്രമാക്കി. തീപ്പിടിത്തം തടയാനുള്ള സംവിധാനമൊക്കെ ഇവിടെയുണ്ടെങ്കിലും രാത്രിയിലും മറ്റും തീപിടിച്ചാൽ സ്ഥിതി നിയന്ത്രണാതീതമാകും.

എം.സി.എഫ്. കേന്ദ്രത്തിന് സമീപം വാഹനപാർക്കിങ് പാടില്ലെന്നാണ് നിബന്ധന. എന്നാൽ, ഈ കേന്ദ്രത്തിന് മുൻവശം പാർക്കിങ് കേന്ദ്രമാണ്. മാത്രമല്ല, പുകവലിക്കാരും ഇവിടെയെത്താറുണ്ട്. സിഗരറ്റുകുറ്റി വലിച്ചെറിഞ്ഞതിൽനിന്നാണ് കഴിഞ്ഞദിവസം തീപിടിച്ചതെന്നാണ് സംശയം. ഇത് വലിയ ഭീഷണിയാണ്. എം.സി.എഫ്. കേന്ദ്രത്തിന് ചുറ്റുമതിലും ഗേറ്റും വേണം. ഇതും ഇവിടെയില്ല. സമൂഹവിരുദ്ധർക്ക് എളുപ്പമെത്താനാകും.

നഗരസഭയിലെ 48 വാർഡുകൾക്കുള്ള അജൈവമാലിന്യ സംസ്കരണ കേന്ദ്രമാണിത്. ആകെ 7,000 സ്ക്വയർ ഫീറ്റിലാണ് എം.സി.എഫ്. കേന്ദ്രം പ്രവർത്തിക്കുന്നത്. ദിവസവും എട്ടുടൺ മാലിന്യം തരംതിരിക്കാനെത്തുന്നുണ്ട്. ശരാശരി 15 പേർ ദിവസവും ജോലിചെയ്യുന്നുണ്ട്. നിലവിലെ കേന്ദ്രത്തിന്റെ സൗകര്യം വർധിപ്പിക്കണമെന്നും കൂടുതൽ കേന്ദ്രങ്ങൾ വേണമെന്നും കഴിഞ്ഞവർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. പുതിയ എം.ആർ.എഫ്. കേന്ദ്രത്തിനായി നഗരസഭ സ്ഥലം അന്വേഷിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പത്രം പരസ്യങ്ങളായും മറ്റും അറിയിപ്പ് നൽകിയിട്ടും അനുയോജ്യമായ സ്ഥലം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നിലവിലെ കേന്ദ്രം മറ്റൊരിടത്തേക്ക് മാറ്റാനും സാധിക്കുന്നില്ല.

പ്രവർത്തനങ്ങൾ മാതൃകാപരം, സൗകര്യങ്ങൾ അപര്യാപ്തം

വടകര നഗരസഭയിലെ ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ മികച്ചതാണ്. മാലിന്യം ശേഖരിക്കൽ, തരംതിരിക്കൽ, കയറ്റിയയക്കൽ തുടങ്ങിയവയെല്ലാം മാതൃകാപരവുമാണ്. പക്ഷേ അതിനനുസരിച്ചുള്ള സൗകര്യങ്ങളില്ലാത്തത് വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്. ഹരിതകർമസേനാംഗങ്ങൾക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കുന്നതിനുള്ള റസ്റ്റ് സൗകര്യംപോലും എം.സി.എഫ്. കേന്ദ്രത്തിലില്ല.

മേൽക്കൂര ഉയരംകൂട്ടും

കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽനിന്ന്‌ എം.സി.എഫിന്റെ മേൽക്കൂരയുടെ ഉയരം കൂട്ടുന്നതിന് ഉൾപ്പെടെ 93 ലക്ഷം അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്.

2750 സ്ക്വയർഫീറ്റ് കെട്ടിടത്തിലാണ് എം.സി.എഫ്. കേന്ദ്രത്തിന്റെ പ്രധാന കേന്ദ്രം പ്രവർത്തിക്കുന്നത്. ഇതിന്റെ മേൽക്കൂരയാണ് ഉയർത്തുന്നത്. കൂടുതൽ മാലിന്യം ഇവിടെ ശേഖരിച്ച് സൂക്ഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

മേൽക്കൂര ഉയരംകൂട്ടിയാൽ ജീവനക്കാർക്ക് മാലിന്യവുമായി നേരിട്ടുള്ള സമ്പർക്കം കുറയ്ക്കാൻ സഹായിക്കുന്ന കൺവെയർ ബെൽറ്റ് കേന്ദ്രത്തിൽ സ്ഥാപിക്കാൻ സാധിക്കും.

കൺവെയർ ബെൽറ്റിലൂടെ മാലിന്യം നീങ്ങുമ്പോൾ പ്ലാസ്റ്റിക്, ഗ്ലാസ്, പേപ്പർ, ജൈവമാലിന്യം എന്നിവ എളുപ്പത്തിൽ വേർതിരിക്കാം. വലിയ അളവിലുള്ള മാലിന്യം

ഒരു സ്ഥലത്തുനിന്ന് മറ്റൊരു മെഷീനിലേക്ക് തടസ്സമില്ലാതെ എത്തിക്കാനും സാധിക്കും.