അതിവേഗ റെയിൽപ്പാത സർക്കാർ നടപ്പാക്കണം -ഇ. ശ്രീധരൻ

കോഴിക്കോട് : കേരളത്തിന് അതിവേഗ റെയിൽപ്പാത അനുയോജ്യമല്ലെന്ന വിദഗ്ധസമിതിയുടെ റിപ്പോർട്ട് തള്ളി സർക്കാർ പദ്ധതി നടപ്പാക്കണമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. മലബാർ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ ‘കേരളത്തിന് അതിവേഗ റെയിൽ പ്രോജക്ട്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിക്ക് സർക്കാരിന്റെ അംഗീകാരം ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും അതല്ലാതെ സർക്കാരിന് മറ്റുമാർഗമില്ലെന്നും അദ്ദേഹം പറഞ്ഞു. കാലതാമസം ഉണ്ടാകുന്തോറും നിർമാണച്ചെലവ് കൂടും. വളരെ ജനസാന്ദ്രതയേറിയ മലപ്പുറത്ത് ഉൾപ്പെടെ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്ക് ബോധ്യപ്പെട്ടുകഴിഞ്ഞു. പദ്ധതി നടപ്പാക്കുന്നതിനായി ചേംബർ ഓഫ് കൊമേഴ്സ് പോലുള്ള വിവിധ സംഘടനകളുടെ ഇടപെടലുണ്ടാവണം. പണച്ചെലവില്ലാതെ നടപ്പാക്കാൻ വഴിയുണ്ടെന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. കേരള സർക്കാർ ഫണ്ട് ഇറക്കേണ്ട, കമ്പനി രൂപവത്കരിച്ച് ഓഹരി വഴി പണം സ്വരൂപിക്കണം.
തിരുവനന്തപുരംമുതൽ കണ്ണൂർവരെയാണ് അതിവേഗപാതയുടെ ഒന്നാംഘട്ടം. അതിന് അഞ്ചുവർഷമാണ് പറയുന്നതെങ്കിലും നാലുവർഷംകൊണ്ടുതന്നെ പൂർത്തിയാകും. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് മൂന്നരമണിക്കൂർകൊണ്ട് എത്താനാകും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് പാത നിർമിക്കുക. രാവിലെ ആറുമുതൽ രാത്രി 11 വരെയായിരിക്കും പ്രവർത്തിക്കുക. തിരക്കുള്ള സമയങ്ങളായ രാവിലെ ഏഴുമുതൽ പത്തുവരെയും വൈകീട്ട് നാലുമുതൽ രാത്രി എട്ടുവരെയും ഓരോ അരമണിക്കൂറിലും സർവീസ് നടത്താം. അല്ലാത്തസമയത്ത് മണിക്കൂറിൽ ഒന്ന് എന്ന രീതിയിലുമാകാം. തിരക്കനുസരിച്ച് ഇടവേള ചുരുക്കാം.
23 സ്റ്റേഷനുകളാണ് ഉണ്ടാവുക. പ്ലാറ്റ്ഫോമും ട്രെയിനും ഒരേ ഉയരത്തിലായതിനാൽ വീൽച്ചെയർ ഉൾപ്പെടെ കയറ്റി ഇറക്കാനും പ്രയാസമുണ്ടാവില്ല. എലവേറ്റഡ് പാതയായിരിക്കും വരുന്നത്. ഒാരോ 30 മീറ്ററിലും പില്ലറുണ്ടാകും. നിർമാണത്തിന് 20 മീറ്റർ വീതിമതി. നിർമാണം പൂർത്തിയായാൽ സ്ഥലം ഉടമയ്ക്കുതന്നെ തിരികെനൽകും. 60,000 കോടിയാണ് ചെലവു പ്രതീക്ഷിക്കുന്നത്.
രണ്ടാംഘട്ടത്തിൽ കണ്ണൂരിൽനിന്ന് കാസർകോടുവരെയും പാത പണിയും. മൂന്നാംഘട്ടത്തിൽ കോഴിക്കോട് മുതൽ സുൽത്താൻബത്തേരിവരെയാണ് ഉദ്ദേശിക്കുന്നത്. രണ്ട് ടണലോടെയായിരിക്കും പാത. ഇവിടെ ഏറ്റവും അനുയോജ്യം ടണലുകളാണെന്നും അദ്ദേഹം പറഞ്ഞു. പട്ടാമ്പിമുതൽ പാലക്കാടുവരെയും തൃശ്ശൂർമുതൽ പാലക്കാടുവരെയും പാത പണിയും. അതോടെ കേരളത്തിന്റെ എല്ലാഭാഗത്തുള്ളവർക്കും പാത പ്രയോജനപ്പെടും -ഇ. ശ്രീധരൻ പറഞ്ഞു.
ഇ. ശ്രീധരനെ, മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എം. ഖാലിദ് അധ്യക്ഷനായി. സെക്രട്ടറി മാനുവൽ ഉതുപ്പ്, ജോയിന്റ് സെക്രട്ടറി എം. അബ്ദുറഹ്മാൻ, ട്രഷറർ ഹിമാൻഷു എസ്. ഷാ, ചേംബർ മുൻ പ്രസിഡൻറ് എം. നിത്യാനന്ദ കാമത്ത്, മുൻ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മോഹൻ മേനോൻ, എൻ.ഐ.ടി. സെന്റർ ഫോർ ക്രിയേറ്റീവ് ഇക്കോണമി ആൻഡ് പബ്ലിക് പോളിസി ചെയർമാൻ കെ. സതീഷ് നമ്പൂതിരിപ്പാട്, പാലക്കാട് ഡിവിഷൻ മുൻ ട്രാഫിക് കൺട്രോളർ വിവേക് ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.