കുമ്മങ്കോട് പുലിഭീതിയിൽ ഏഴുസ്ഥലങ്ങളിൽ നൂറുപേരടങ്ങുന്ന സേന തിരച്ചിൽനടത്തി

നാദാപുരം : ഒരാഴ്ചയായി കുമ്മങ്കോട് പ്രദേശത്തെ ഭീതിയിലാഴ്ത്തിയ പുലിയെ കണ്ടെത്താൻ വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല . ശാസ്ത്രീയമായും വനംവകുപ്പ് ഉദ്യോഗസ്ഥർ കാട് കയറിയിറങ്ങിയുളള പരിശോധനയിലും പുലിയുടെ സാന്നിധ്യമുണ്ടായില്ല. എന്നാൽ, കുറച്ചുദിവസങ്ങൾക്കൂടി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം കുമ്മങ്കോട് പ്രദേശങ്ങളിൽ നിലനിർത്താനാണ് തീരുമാനം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നേതൃത്വത്തിൽ വ്യാപക പരിശോധന തുടങ്ങിയത്.

കുറ്റ്യാടി, താമരശ്ശേരി, പെരുവണ്ണാമൂഴി എന്നീ റെയ്ഞ്ച് ഓഫീസുകളിലെ അറുപതോളം വനംവകുപ്പ് ഉദ്യോഗസ്ഥരും നാല്‌പതോളം പോലീസ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കാളികളായി. ഇവർക്ക് പിന്തുണയുമായി പരിശീലനം ലഭിച്ച ജീവനക്കാരുമുണ്ടായിരുന്നു.

വയനാട്ടിൽനിന്ന്‌ കൊണ്ടുവന്ന ഡ്രോൺ ക്യാമറയും രണ്ട് തെർമൽ ഡ്രോണും പരിശോധനയിൽ ഉപയോഗിച്ചു. കുമ്മങ്കോട് പ്രദേശത്ത് കാടുപിടിച്ച ഏഴുസ്ഥലങ്ങളിലാണ് വ്യാപക പരിശോധന നടത്തിയത്.

കുമ്മങ്കോട് വിദ്യാർഥിയെ പുലി ആക്രമിച്ച പ്രദേശംമുതൽ വിട്ടുവൻകോട്ട, വട്ടക്കണ്ടി പാറ, കക്കാട്ട്പാറ, ചിലിൽ ഭാഗം, എം.ഇ.ടി. കോളേജ് ഭാഗം തുടങ്ങിയ കാടുപിടിച്ച ഭാഗങ്ങളാണ് വ്യാപക പരിശോധന നടത്തിയത്. പുലിയുടെ സാന്നിധ്യം ഇവിടെയില്ലെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. പരിശോധനാവിവരങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്ന കെ.എം. അഭിജിത്ത് എം.എൽ.എ, നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറ, നാദാപുരം സ്ഥിരംസമിതി ചെയർമാൻ വി. അബ്ദുൽജലീൽ, വാർഡ് മെമ്പർ പി .വാസു എന്നിവരുമായി പങ്കുവെച്ചു.