കൊടുവള്ളി നഗരസഭ പഴയ കാര്യാലയം: കെട്ടിടസമുച്ചയം ഓർമ്മയായി

കൊടുവള്ളി : നഗരസഭാ കാര്യാലയവും ബസ് സ്റ്റാൻഡും ഉൾപ്പെടുന്ന പഴയ കെട്ടിടസമുച്ചയം പൂർണമായി പൊളിച്ചുനീക്കി. പുതിയ നഗരസഭാകാര്യാലയം നിർമിക്കുന്നതിന്റെ ഭാഗമായാണ് കെട്ടിടം പൊളിച്ചുമാറ്റിയത്. കഴിഞ്ഞ രണ്ടുമാസത്തിലധികമായി കെട്ടിടം പൊളിക്കുന്ന പ്രവൃത്തി നടന്നുവരുകയായിരുന്നു. ശനിയാഴ്ച രാത്രി പത്തരയോടെയാണ് കെട്ടിടത്തിന്റെ അവശേഷിച്ച ഭാഗങ്ങളും പൊളിച്ചുനീക്കിയത്.
കൊടുവള്ളി നഗരസഭ രൂപവത്കരിക്കുന്നതിനുമുൻപ് ഗ്രാമപ്പഞ്ചായത്തായിരുത്ത കാലത്ത് നിർമിച്ചതാണ് ഈ കെട്ടിടസമുച്ചയവും ബസ് സ്റ്റാൻഡും. കാലപ്പഴക്കത്തെത്തുടർന്ന് കെട്ടിടം ജീർണാവസ്ഥയിലായതോടെയാണ് പുതിയ നഗരസഭാകാര്യാലയത്തിനായി പഴയകെട്ടിടം പൊളിച്ചുനീക്കാൻ തീരുമാനിച്ചത്.
പുതിയകെട്ടിടം നിർമിക്കുന്നതിനുള്ള തുടർനടപടികൾ ഇതോടെ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. വർഷങ്ങളായി കൊടുവള്ളിനഗരത്തിന്റെ മുഖമുദ്രയായിരുന്ന കെട്ടിടം ഇതോടെ ഓർമ്മയായി മാറുകയാണ്.