വിദ്യാഭ്യാസം ക്ലാസ്മുറികൾക്ക് പുറത്തേക്കും വ്യാപിപ്പിക്കണം -കേന്ദ്രമന്ത്രി സുകാന്ത മജുംദാർ

മുക്കം : കായികമേഖല വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമാണെന്നും വിദ്യാഭ്യാസം ക്ലാസ് മുറികൾക്കു പുറത്തേക്കും വ്യാപിപ്പിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ. എൻ.ഐ.ടിയിൽ പുതുതായി നിർമിച്ച മേജർ ധ്യാൻചന്ദ് സ്പോർട്സ് കോംപ്ലക്സും ബാസ്കറ്റ്ബോൾകോർട്ടും ഓൺലൈനായി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഒളിമ്പ്യൻ എം.ഡി. വത്സമ്മ മുഖ്യാതിഥിയായി. എൻ.ഐ.ടി. ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ അധ്യക്ഷനായി.

മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും വിദ്യാർഥികളുടെ കായികപരമായ വളർച്ചയ്ക്കുമായി അത്യാധുനിക അടിസ്ഥാനസൗകര്യങ്ങളോടെയാണ് മേജർ ധ്യാൻചന്ദ് സ്പോർട്സ് കോംപ്ലക്സ് നിർമിച്ചിരിക്കുന്നത്.

രാജ്യാന്തര ഒളിമ്പിക്സ് മാനദണ്ഡം പാലിച്ചാണ് സിന്തറ്റിക് ട്രാക്ക്, ജംപിങ് പിറ്റ് എന്നിവ നിർമിച്ചിരിക്കുന്നത്. 400 മീറ്റർ നീളമുള്ള സിന്തറ്റിക് ട്രാക്കിൽ എട്ട് ട്രാക്കുകളുണ്ട്.

സിന്തറ്റിക് ട്രാക്കിനു നടുവിൽ ഫിഫയുടെ മാനണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള ഇലവൻസ് ഫുട്ബോൾ മൈതാനവുമുണ്ട്. എൻ.ഐ.ടി. പ്ലാനിങ് ആൻഡ് ഡിവലപ്‌മെന്റ് ഡീൻ ഡോ. എ. ഷൈജയുടെയും സൂപ്രണ്ടിങ് എൻജിനിയർ എസ്. ശ്രീനേഷിന്റെയും നേതൃത്വത്തിലുള്ള എൻജിനിയറിങ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഗ്രേറ്റ് സ്പോർട്സ് ടെക് ലിമിറ്റഡ് 8.9 കോടി രൂപ ചെലവിൽ പത്തുമാസംകൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. ഈ മൈതാനത്തുവെച്ചാണ് ഈ വർഷത്തെ സംസ്ഥാന കായികമേളയിലെ അത്‌ലറ്റിക്സ് മത്സരങ്ങൾ നടക്കുന്നത്.