പേരാമ്പ്രമണ്ഡലത്തിൽ റോഡ് പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കും

പേരാമ്പ്ര : നിയോജകമണ്ഡലത്തിലെ വിവിധപ്രദേശങ്ങളിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി കരാറെടുത്ത റോഡ് പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കാൻ തീരുമാനം. ഫാത്തിമ തഹിലിയ എം.എൽ.എ.യുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിലാണ് തീരുമാനം. നവംമ്പർ 30-നകം നടന്നുവരുന്ന പദ്ധതികളിൽ 90 ശതമാനം പ്രവൃത്തികളും പൂർത്തിയാക്കാൻ സാധിക്കുമെന്ന് ബന്ധപ്പെട്ടവർ യോഗത്തിൽ എം.എൽ.എ.ക്ക് ഉറപ്പുനൽകി.

മേപ്പയ്യൂർ-ചെറുവണ്ണൂർ റോഡ്, പന്നിമുക്ക്-ആവള റോഡ്, കൽപ്പത്തൂർ വെള്ളിയൂർ കാപ്പുമ്മൽ റോഡ്, പെരുവണ്ണാമൂഴി മുതുകാട് പേരാമ്പ്ര പ്ലാന്റേഷൻ റോഡ്, പാറക്കടവ് പാലം, പൂഴിത്തോട് പാലം, തിമിരിപ്പുഴ പാലം, മലയോര ഹൈവേ, ചങ്ങരംകുളം-ഏക്കാട്ടൂർ റോഡ്, കൽപ്പത്തൂർ-വെള്ളിയൂർ റോഡ്, പേരാമ്പ്ര-ചാനിയംകടവ് റോഡ് ഉൾപ്പെടെയുള്ള വിവിധ പ്രവൃത്തികളുടെ പുരോഗതിയും തടസ്സങ്ങളും യോഗം ചർച്ചചെയ്തു. പല റോഡിന്റെയും പ്രവൃത്തി പാതിവഴിയിലായതിനാലും ഇഴഞ്ഞുനീങ്ങുന്നതിനാലും ജനങ്ങൾ യാത്രയ്ക്ക് ഏറെ ബുദ്ധിമുട്ടുകയാണ്. മഴ നിന്നിട്ടും ടാറിങ്‌ പ്രവൃത്തി നടക്കുന്നുമില്ല. ഇതോടെ പല സ്ഥലത്തും പ്രതിഷേധവുമായി സംഘടനകൾ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എം.എൽ.എ. യോഗം വിളിച്ചത്.

ജനപ്രതിനിധികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും പി.ഡബ്ല്യു.ഡി.യിലെയും എൻജിനിയറിങ്‌ വിഭാഗത്തിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡൻറ്‌്‌ ജിതേഷ് മുതുകാട്, ചെറുവണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ്‌്‌ മൊയ്തു കിണറുള്ളതിൽ, യു.എൽ.സി.സി. വൈസ് ചെയർമാൻ എം.എം. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.