കക്കട്ടിൽ സബ് രജിസ്ട്രാർ ഓഫീസിന് കാത്തിരിപ്പ് നീളുന്നു

കക്കട്ടിൽ : കക്കട്ടിൽ സബ് രജിസ്ട്രാർ ഓഫീസിന് വാടകക്കെട്ടിടത്തിൽനിന്ന് മോചനമില്ല. 1926-ൽ സ്ഥാപിച്ച കാര്യാലയം 100 വർഷം പൂർത്തിയാകുമ്പോഴെങ്കിലും ഇതിനൊരു പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആരും മുൻകൈ എടുക്കാത്തതിനാൽ ദുരവസ്ഥ തുടരുകയാണ്. കാൽനൂറ്റാണ്ടുമുൻപുവരെ കൈവേലി റോഡരികിലത്തെ കെട്ടിടത്തിലായിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്. പിന്നീട് സഹകരണബാങ്കുകളുടെ സമീപത്തുള്ള അതിലും സൗകര്യമില്ലാത്ത വാടക ക്കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് മാറ്റി.

ഇടുങ്ങിയ പടിക്കെട്ട് കയറി വേണം ഇവിടെയെത്താൻ. ഇതുകാരണം ഭിന്നശേഷിക്കാരും വയോജനങ്ങളും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഓഫീസിന്റെ മുൻവശത്ത് വരാന്തയില്ലാത്തതിനാൽ നിൽക്കാനോ ഇരിക്കാനോ ഉള്ള സൗകര്യവും ഇല്ല. ഊഴംകാത്ത് റോഡിലും താഴത്തെ കടകളുടെ വരാന്തയിലുമാണ് ആളുകൾ നിൽക്കുന്നത്. ഓഫീസാകട്ടെ കുടുസുമുറിയും.

കുന്നുമ്മൽ നരിപ്പറ്റ പഞ്ചായത്തുകൾ പൂർണമായും പുറമേരി പഞ്ചായത്തിലെ അരൂർ, വേളം പഞ്ചായത്തിലെ ചേരാപുരം എന്നിവിടങ്ങളുൾപ്പെടുന്നതാണ് ഇതിന്റെ പരിധി. ആധാരങ്ങൾ എവിടെയും രജിസ്റ്റർ ചെയ്യാം എന്ന ഉത്തരവ് വന്നതോടെ മറ്റ് ഓഫീസ് പരിധികളിലെ രേഖകളും ഇവിടെ രജിസ്റ്റർ ചെയ്യാൻ എത്തുന്നതിനാൽ എല്ലാദിവങ്ങളിലും തിരക്കാണ്.

തൊട്ടടുത്ത തൂണേരി, നാദാപുരം, കുറ്റ്യാടി എന്നിവിടങ്ങളിലെല്ലാം സ്വന്തം കെട്ടിടമായിട്ട് വർഷങ്ങളായി. സ്ഥലം കണ്ടെത്താൻ കഴിയാത്തതാണ് കെട്ടിട നിർമാണം നീളാൻ കാരണം. രണ്ടുവർഷം മുൻപ്‌ കെട്ടിടം നിർമിക്കാൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി കമ്മിറ്റി രൂപവത്കരിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. 1942-ൽ നടന്ന ക്വിറ്റിന്ത്യാ പ്രക്ഷോഭത്തോടനുബന്ധിച്ച് സ്വാതന്ത്ര്യസമരസേനാനികൾ പിക്കറ്റ് ചെയ്തതിലൂടെ ചരിത്രത്തിൽ ഇടംനേടിയ ഓഫീസ് കൂടിയാണിത്.

സ്ഥലമുണ്ട്, ആര് മുൻകൈയെടുക്കും

വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് കെട്ടിടം നിർമിക്കാൻ സർക്കാർവക സ്ഥലം നിലവിലുണ്ട്. സംസ്ഥാനപാതയോട് ചേർന്നുനിൽക്കുന്ന ഈ സ്ഥലത്ത് മൃഗാശുപത്രിക്കെട്ടിടമാണ് ഉണ്ടായിരുന്നത്. ആശുപത്രിക്ക് പുതിയ കെട്ടിടംനിർമിച്ചതോടെ, പഴയകെട്ടിടവും സ്ഥലവും കാടുകയറി നശിക്കുകയാണ്.

മൃഗസംരക്ഷണവകുപ്പിന്റെ അധീനതയിലുള്ള ഈ സ്ഥലം രജിസ്ട്രേഷൻ വകുപ്പിന് കൈമാറിയാൽ ഇവിടെ ഓഫീസ് നിർമിക്കുവാൻ കഴിയും. അതുപോലെ കുളങ്ങരത്ത് ഒരേക്കറോളം റവന്യൂ പുറമ്പോക്ക് ഭൂമിയുണ്ട്. നേരത്തേ ഇവിടെ ഫയർ സ്റ്റേഷൻ നിർമിക്കാൻ ശ്രമം നടന്നിരുന്നു.

രണ്ടു സ്ഥലങ്ങളും കുന്നുമ്മൽ പഞ്ചായത്തിൽ തന്നെയാണ്. കുറ്റ്യാടി, നാദാപുരം സംസ്ഥാനപാതയോട് ചേർന്ന് നിൽക്കുന്ന സ്ഥലങ്ങളുമാണ്. പക്ഷേ, ഈ സ്ഥലങ്ങൾ ബന്ധപ്പെട്ട വകുപ്പിൽനിന്ന് വിട്ടു വാങ്ങാൻ ആര് മുൻകൈ എടുക്കും എന്നതാണ് ചോദ്യം.