കർഷകർ പറയുന്നു കനാൽ ജലമെത്തിക്കൂ, തരിശിട്ട പാടങ്ങളിൽ പൊന്നുവിളയിക്കാം

കായണ്ണബസാർ : കറ്റ്യാടിജലസേചന പദ്ധതിയിലൂടെ കനാൽ ജലമെത്തിച്ചാൽ കായണ്ണ , കോട്ടൂർ പഞ്ചായത്തുകളിലെ തരിശിട്ട, വിശാലമായ നെൽവയലുകൾ കൃഷിയോഗ്യമാക്കി നുറു മേനി വിളയിക്കാമെന്ന് കർഷകർ സ്വപ്നം കാണുന്നു.

കായണ്ണ പഞ്ചായത്തിലെ ചെറുക്കാട് എരാ പൊയിൽ മുതൽ കുറ്റി വയൽവരെയുള്ള ഭാഗത്തും കോട്ടൂർപഞ്ചായത്തിലെ കോളിക്കടവ് ഭാഗത്തേയും ഏക്കർ കണക്കിന് നെൽ വയലുകളാണ് കനാൽ ജലമെത്താത്തതിനാൽ തരിശിട്ടിരിക്കുന്നത്.

കായണ്ണ മെയിൻ കനാലിന്റെ ബ്രാഞ്ച് കനാൽ നരയംകുളം കണ്ണി പൊയിൽ ഭാഗംവരെ നിലവിൽ എത്തിയിട്ടുണ്ട്. ഇവിടെ മോട്ടോർ സ്ഥാപിച്ച് വെള്ളം ലിഫ്റ്റ് ചെയ്ത് കാസ്റ്റ് അയേൺപൈപ്പുകളിലൂടെ കായണ്ണ പഞ്ചായത്തിലെ എരാം പൊയിൽ പാടശേഖരങ്ങളിൽ എത്തിക്കണമെന്നാണ് ഇവിടുത്തെ കർഷകരുടെ നിർദ്ദേശം. ഇതിലൂടെ ചെറുക്കാട് തരിശിട്ട നെൽപാടങ്ങളിൽ കൃഷിയിറക്കാനാവുമെന്ന് കർഷകർ പറയുന്നു.

പദ്ധതിയുടെ ഭാഗമായി മറ്റൊരു പൈപ്പ് ലൈൻ കോട്ടൂർ പഞ്ചായത്തിലെ കോളിക്കടവ് ഭാഗം വരെ നീട്ടിയാൽ അവിടുത്തെ നെൽ വയലുകളും കൃഷിയോഗ്യമാക്കാം - വലിയ സാമ്പത്തിക ബാധ്യതയില്ലാതെ വികസന പദ്ധതികൾ നടപ്പാക്കാനാകുമെന്ന് റൈസ് കളക്ടീവ് വികസന കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.

എം.എൽ.എ./ എം.പി. എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് വഴിയോ, ജില്ലാ പഞ്ചായത്ത്, സംസ്ഥാന സർക്കാർ പദ്ധതി വിഹിതം വഴിയോ തുക കണ്ടെത്താനാകുമെന്നും ഇവർ പറയുന്നു. ഇത്തരം കാര്യങ്ങൾ വിശദമായി ചൂണ്ടിക്കാട്ടി റൈസ് കളക്ടീവ് വികസന കൂട്ടായ്മ ഭാരവാഹികൾ വി.ടി. സൂരജ് എം.എൽ.എ. ക്ക് നിവേദനം നൽകി. എൻ. യു.പ്രവീൺ, കുഞ്ഞിക്കണ്ണൻ ചെറുക്കാട്, ഒഎം കൃഷ്ണകുമാർ ,ഫൈസൽ മുഹമ്മദ്, എൻ സേതുമാധവൻ, പി.രാധാകൃഷ്ണൻ ,ടി.പി അബ്ദുൾ ലത്തീഫ്, ഡോ: കെ.കെ.ഷിബു എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.