മാങ്കാവ്-മേത്തോട്ടുതാഴം റോഡ്: സ്ഥലമേറ്റെടുത്തിട്ട് ഒരുവർഷം റോഡിന് ഇനിയെത്രകാലം

കോഴിക്കോട് : മാങ്കാവ്-മേത്തോട്ടുതാഴം റോഡിന്റെ സ്ഥലമേറ്റെടുപ്പ് പൂർത്തിയായി ഒരുവർഷമായിട്ടും റോഡ് വികസനം കടലാസിൽത്തന്നെ. കോർപ്പറേഷന് ഫണ്ടില്ലാത്തതിനാൽ പൊതുമരാമത്തുവകുപ്പിനെ റോഡ് പണിയേൽപ്പിക്കാനായിരുന്നു ആലോചന. നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെങ്കിലും സംസ്ഥാന ബജറ്റിൽ ടോക്കൺ തുക മാത്രമായതിനാൽ ഇനിയെന്ന് റോഡ് യാഥാർഥ്യമാകുമെന്ന് വ്യക്തമല്ല. ജനകീയസമരത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
മിനിബൈപ്പാസിനെയും രാമനാട്ടുകര-വെങ്ങളം ദേശീയപാതയെയും ബന്ധിപ്പിക്കുന്നതാണ് മാങ്കാവ്-മേത്തോട്ടുതാഴം റോഡ്. 50 വർഷത്തോളമായി റോഡിനുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട്. ഒടുവിൽ കഴിഞ്ഞ സെപ്റ്റംബറിൽ സ്ഥലമേറ്റെടുത്തു. 9.12 ഏക്കർസ്ഥലമാണ് ഏറ്റെടുത്തത്. മാങ്കാവ് ശ്മശാനംമുതൽ മേത്തോട്ടുതാഴംവരെ രണ്ടുകിലോമീറ്ററിലേറെ നീളത്തിൽ 18 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കേണ്ടത്. സ്ഥലമേറ്റെടുപ്പിന് കോർപ്പറേഷൻ 31 കോടിയോളം ചെലവിട്ടിരുന്നു. റോഡിനായി 20 കോടിയിലേറെ രൂപ വേണ്ടിവരും. പണി പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിക്കാൻ കോർപ്പറേഷൻ കൗൺസിൽയോഗത്തിൽ തീരുമാനിച്ചിരുന്നുവെന്ന് സ്ഥിരംസമിതി അധ്യക്ഷ കവിത അരുൺ പറഞ്ഞു.
വി.കെ. ഫൈസൽ ബാബു എം.എൽ.എ.യുടെ നേതൃത്വത്തിൽ റോഡുമായി ബന്ധപ്പെട്ട് യോഗം ചേരുകയും ചെയ്തു. മന്ത്രിതലത്തിലും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഡിസൈൻ ഉൾപ്പെടെ തയ്യാറാക്കേണ്ടതുണ്ട്. റോഡുമായി ബന്ധപ്പെട്ട് ഡി.പി.ആർ. തയ്യാറാക്കാനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നതെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു.
എന്നും ദുരിതം
മഴക്കാലത്ത് മുട്ടോളം വെള്ളത്തിൽ നടന്നുവേണം കൊമ്മേരി പ്രദേശത്തുള്ളവർക്ക് സഞ്ചരിക്കാൻ. രാത്രികാലങ്ങളിൽ പലപ്പോഴും ഓട്ടോപോലും കിട്ടില്ല. ആശുപത്രിയിൽ പോകണമെങ്കിൽ പ്രയാസപ്പെടണം.
റോഡുവികസനം യാഥാർഥ്യമായാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് കരുതി വർഷങ്ങളായി കാത്തിരിക്കുകയാണ് നാട്ടുകാർ. ‘‘1973 മുതൽ റോഡുവികസനം പറയുന്നുണ്ട്. പല കാലങ്ങളിലായി വിജ്ഞാപനവും തുടർനടപടികളും ഉണ്ടായി. പലതരം തടസ്സങ്ങളിൽ തട്ടി നീങ്ങി. ഇപ്പോഴും എന്ന് റോഡ് യാഥാർഥ്യമാവുമെന്ന് വ്യക്തതയില്ല’’- കൊമ്മേരി ടോട്ടൽ ഡിവലപ്മെന്റ് പീപ്പിൾസ് അസോസിയേഷൻ പ്രസിഡന്റ് ഇ.വി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഉടൻ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി.