അലങ്കാരപ്രൗഢിയിൽ വലിയ ശ്രീബലി

വൈക്കം: പൊന്നിൽതീർത്ത പ്രൗഢിയിൽ വൈക്കത്തപ്പന്റെ വലിയ ശ്രീബലി. തലയെടുപ്പുള്ള പതിമൂന്ന് ഗജവീരന്മാരാണ് നെറ്റിപ്പട്ടംകെട്ടി 10-ാം ഉത്സവദിവസത്തെ ശ്രീബലിക്ക് അണിനിരന്നത്. സർവവിധ അലങ്കാരങ്ങളോടെയുമാണ് വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് വലിയ ശ്രീബലിക്ക് എഴുന്നള്ളിച്ചത്.
രാജഭരണകാലത്ത് തുടങ്ങിവെച്ച എഴുന്നള്ളിപ്പിന്റെ പ്രൗഢിക്ക് ഇന്നും മാറ്റ് കുറഞ്ഞിട്ടില്ല.
കൊമ്പൻ നന്തിലത്ത് ഗോപാലകൃഷ്ണനാണ് ഭഗവാന്റെ തങ്കത്തിടമ്പേറിയത്. അകമ്പടിനിന്ന രണ്ട് ആനകൾക്ക് സ്വർണ നെറ്റിപ്പട്ടവും തങ്കക്കുടകളുമാണ് ഉപയോഗിച്ചത്. ചൈത്രം അച്ചു, കുന്നത്തൂർ രാമു എന്നീ ആനകളാണ് സ്വർണ നെറ്റിപ്പട്ടംകെട്ടി തങ്കകുടകൾ ചൂടി അകമ്പടിനിന്നത്.
കാഞ്ഞിരക്കാട്ട് ശേഖരൻ, മുണ്ടയ്ക്കൽ ശിവനനന്ദൻ, വേമ്പനാട് അർജുനൻ, മച്ചാട് അയ്യപ്പൻ, തടത്താവിള സുരേഷ്, കാലകുത്തൻ കണ്ണൻ, മച്ചാട് ഗംഗാധരൻ, ആനയടി അപ്പു, പാർഥസാരഥി, മഹാലക്ഷ്മി കുട്ടികൃഷ്ണൻ എന്നീ ആനകളാണ് എഴുന്നള്ളിപ്പിന് അകമ്പടി നിന്നത്.
അഞ്ച് മണിക്കൂർനീണ്ട എഴുന്നള്ളിപ്പിന് വാദ്യകലാകാരന്മാരായ കെ.എ. വേൽമുരുകൻ, എം.എം. നാരായണൻ, കാവാലം ബി.ശ്രീകുമാർ, ചെറായി മനോജ് എന്നിവരുടെ സംഘമാണ് മേളമൊരുക്കിയത്. തുടർന്ന് കീഴില്ലം ഗോപാലകൃഷ്ണൻ മാരാരുടെ നേതൃത്വത്തിൽ മേജർസെറ്റ് പഞ്ചവാദ്യം അരങ്ങേറി. എഴുന്നള്ളിപ്പ് ദർശിക്കാൻ വിദേശീയരടക്കം ആയിരക്കണക്കിന് ഭക്തർ എത്തിയിരുന്നു.
Content Highlights: The magnificent Valiya Sreebali at Vaikom Mahadeva Temple was held with 13 decorated caparisoned elephants and traditional percussion ensembles.