കലയുടെ ചുവടുകളും കാരുണ്യത്തിന്റെ താളവുമായി വീരനാട്യ കൂട്ടായ്മ

പാലാ: കലയുടെ ചുവടുകളിൽ കാരുണ്യത്തിന്റെ താളവുംകൂടി ചേർക്കുന്ന പാലാ ശ്രീ കടപ്പാട്ടൂരപ്പൻ വീരനാട്യകൂട്ടായ്മ ശ്രദ്ധേയമാകുന്നു. ഈ വീരനാട്യ സംഘത്തിലെ 26 വനിതകളുടെ കൂട്ടായ്മ വേറിട്ട ശ്രദ്ധ നേടുന്നത് ഈ നന്മയുടെ വഴിയിലൂടെയാണ്. കലയുടെ ചുവടുകൾക്കൊപ്പം കാരുണ്യത്തിന്റെ കൈത്താങ്ങും എന്നതാണ് സംഘത്തിന്റെ വേറിട്ട കാഴ്ചപ്പാട്. സമൂഹത്തിലെ അശരണരെ സഹായിക്കുകയാണ് ശ്രീകടപ്പാട്ടൂരപ്പൻ വീരനാട്യ സംഘത്തിന്റെ ലക്ഷ്യം. കാക്കിക്കുള്ളിലെ കലാകാരിയായ എക്സൈസ് പ്രിവന്റീവ് ഓഫീസർ വിനീത വി.നായരാണ് സംഘത്തിന്റെ ലീഡർ. തൊടുപുഴയിലെ സ്വകാര്യ ഫാർമസി കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ശാരി എസ്.നായർ, പാലാ കിഴതടിയൂർ ബാങ്ക് ഉദ്യോഗസ്ഥ പാർവതി കെ.തമ്പി, യോഗയിലെ ദേശീയ റഫറി അമൃത, ഐ.ടി. കമ്പനി സൂപ്പർവൈസർ അയ്യപ്പദാസ് കെ.രാമചന്ദ്രൻ, പാലാ ബ്രില്യന്റ് സെൻട്രൽ നോട്ട് സെക്ഷനിലെ ജീവനക്കാരി ഗ്രീഷ്മ വി.നായർ, അഡ്മിഷൻ കൗൺസിലർ സൂര്യ അനൂപ്, കുറിച്ചി ഹോമിയോ മെഡിക്കൽ കോളജിലെ മൂന്നാംവർഷ വിദ്യാർഥിനിയും കൊറിയോഗ്രാഫറും റീൽസ് താരവുമായ ദേവൂട്ടി എന്ന ജ്യോതിക കെ.കർത്ത എന്നിവരും സംഘത്തിലുണ്ട്. വീട്ടമ്മമാരായ സൂര്യാ ദീപു, രാജി ടി.രാജൻ, രാധികാ വിനിൽ എന്നിവർക്കൊപ്പം വിദ്യാർഥിനികളായ അസ്തേയ, മീനാക്ഷി അയ്യപ്പദാസ്, കൃഷ്ണേന്ദു, ദേവാദിത്യൻ കെ. പ്രദീപ്, അദ്വൈത നായർ, അദ്വിക നായർ, അനാമിക, ദക്ഷ എസ്.ദീപു, അക്ഷയ മനോജ്, ഗോപിക, നിരഞ്ജന കെ.രാജീവ്, ലക്ഷ്മി പി.നായർ, അദ്രിജ, അഞ്ജലി സന്തോഷ്, ദേവനന്ദ എന്നിവരും സംഘത്തിന്റെ ഭാഗമാണ്.
.
Content Highlights: A 26-member all-women Veeranatyam troupe in Pala blends art with social service by using their performances to support underprivileged people in society.