പന്നഗം കുതിയ്കുമോ

മറ്റക്കര: തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെ നേരിടാൻ മറ്റക്കര പന്നഗം തോട്ടിലെ തടയണകളുടെ ആഴം കൂട്ടൽ തുടങ്ങി. പ്രീ-മൺസൂൺ പദ്ധതിയുടെ ഭാഗമായി പമ്പാടി മൈനർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് തോടിന്റെ ആഴം കൂട്ടുന്നത്. മറ്റക്കരയിൽ പന്നഗം തോടിന്റ പലഭാഗങ്ങളിൽ തടയണകൾ നിർമിച്ചത് അശാസ്ത്രീയമാണെന്നും വെള്ളപ്പൊക്കത്തിന് പ്രധാനകാരണം ഈ തടയണകളാണെന്നും നാട്ടുകാർ ആരോപിച്ചിരുന്നു.
മറ്റക്കരയിൽ ചുവന്നപ്ലാവ് പാലത്തിനുസമീപവും, പടിഞ്ഞാറെ പാലത്തിന് സമീപവുമാണ് പ്രധാന ചെക്ക്ഡാമുകൾ നിർമിച്ചിരിക്കുന്നത്. ചെക്കുഡാമുകളിൽ മണൽവന്ന് നിറഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ചെക്ക്ഡാമുകളിലെ മണൽ വാരി നീക്കുന്നതിന് തുടക്കം കുറിച്ചത്. ഉദ്ഘാടനം അകലക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജി സണ്ണി നിർവഹിച്ചു. എം.എസ്. രാജു, സിന്ധു അനിൽകുമാർ, ഗിരിജാ രാജൻ, ഉഷാ ഷാജി, ടോംസ് എൻജിനിയറിങ് കോളേജ് ഡയറക്ടർ ടോം ടി.ജോസഫ്, പാമ്പാടി മൈനർ ഇറിഗേഷൻ വകുപ്പ് ഓവർസിയർ എം.എസ്. നീന, അഡ്വ. ടി.പി. പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു. കൂടുതൽ പ്രവർത്തനങ്ങൾക്കായി ചുവന്നപ്ലാവിലെ ചെക്ക് ഡാമിന് 24 ലക്ഷം രൂപയും, പടിഞ്ഞാറെ പാലം ചെക്ക് ഡാമിന് 57 ലക്ഷം രൂപയുടെയും എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. അനുമതി ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ പണികൾ പൂർത്തിയാക്കും. ചെക്കുഡാമുകളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളും, മണലും നീക്കംചെയ്യുന്നതോടെ വെള്ളം കരകയറി ഒഴുകുന്നതിന് താത്കാലിക ശമനം ഉണ്ടായേക്കുമെന്ന ആശ്വാസത്തിലാണ് നാട്ടുകാർ. ബാർജ് ഹിറ്റാച്ചി ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്യുന്നത്.