കഷ്ടം തന്നെ

നിയമസഭാസമിതി എത്തിയതിനുപിന്നാലെ വലിയതോട്ടിലേക്ക് മാലിന്യം തള്ളി
എരുമേലി : കൈയേറ്റങ്ങളും മലിനീകരണവും തടഞ്ഞ് എരുമേലി വലിയതോട് സംരക്ഷിക്കണമെന്ന് നിയമസഭാ പരിസ്ഥിതിസമിതി നിർദേശിച്ചതിനുപിന്നാലെ വീണ്ടും വലിയതോട്ടിലേക്ക് മാലിന്യം തള്ളി. ഉപയോഗശൂന്യമായ കാർഡ്ബോർഡ്, പഴകിയ തെർമോക്കോൾ, ഫോയിൽ പേപ്പർ എന്നിവയാണ് തള്ളിയത്. കരിങ്കല്ലുംമൂഴിയിൽ തോടിനോടുചേർന്നുള്ള വ്യാപാരസമുച്ചയത്തിൽനിന്നാണ് തള്ളിയത്. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എച്ച്. അജിത്ത് നടക്കാനിറങ്ങിയ സമയത്താണ് ശ്രദ്ധയിൽപ്പെട്ടത്. മൂന്നുചാക്കിലേറെ മാലിന്യമാണ് തള്ളിയത്. സംഭവത്തിൽ കെട്ടിടമുടമയ്ക്ക് 50,000 രൂപ പിഴചുമത്തി നോട്ടീസ് നൽകി.
തോടുകൈയേറി നിർമാണമെന്ന് പരാതി
# എരുമേലി വലിയതോടിന് 18 മുതൽ 20 മീറ്റർവരെ വീതിയുണ്ടെന്നാണ് ഇറിഗേഷൻ വകുപ്പ് നിയമസഭാസമിതി മുൻപാകെ അറിയിച്ചത്. എന്നാൽ, കരിങ്കല്ലുംമൂഴിമുതൽ കൊരട്ടിവരെ പലേടത്തും ഇത്ര വീതിയില്ല. മാലിന്യം കണ്ടെത്തിയഭാഗത്തെ കെട്ടിടത്തിന്റെ ഷെയ്ഡ് പുഴയിലേക്കിറങ്ങിയനിലയിലാണ്. സർവേരേഖയനുസരിച്ച് തോടിന്റെ വീതി അളന്നുതിട്ടപ്പെടുത്താനും, കൈയേറ്റം കണ്ടെത്തിയാൽ ഉടമകൾക്ക് അടിയന്തരമായി നോട്ടീസ് നൽകാനുമാണ് നിയമസഭാ പരിസ്ഥിതിസമിതി ഇറിഗേഷൻ വകുപ്പിനോടും റവന്യൂ വകുപ്പിനോടും ആവശ്യപ്പെട്ടത്.