പുതുപ്പള്ളി തൂക്കി യൂണിവേഴ്സ് ബോസ്

പുതുപ്പള്ളി : യൂണിവേഴ്സ് ബോസ്... യൂണിവേഴ്സ് ബോസ്... പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ തിങ്ങിനിറഞ്ഞ ക്രിക്കറ്റ് പ്രേമികൾ ആർത്തുവിളിച്ചു. അവർക്കിടയിൽ സിക്സറുകളുടെ രാജാവ്. കരീബിയൻ കരുത്തിന്റെ പ്രതീകമായ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ. ഗ്രൗണ്ടിലേക്ക് ക്രിസ് ഗെയ്ലിന്റെ വാഹനം കടന്നുവന്നപ്പോഴേക്കും ആരാധകർ വാഹനം പൊതിഞ്ഞു. ഏറെ പണിപ്പെട്ടാണ് ഗെയ്ൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലെത്തിയത്.
‘യൂണിവേഴ്സ് ബോസ്’ എന്നാണ് ക്രിസ് ഗെയ്ലിന്റെ വിളിപ്പേര്. ഒരുകാലത്ത് ബൗളർമാരുടെ പേടിസ്വപ്നമായിരുന്ന ഗെയ്ലിനെ കാണാനും ചിത്രം പകർത്താനുമായിരുന്നു സ്കൂൾ ഗ്രൗണ്ടിലെ തിരക്ക്. പുലികളി, കളരിപ്പയറ്റ്, തെയ്യം, കാവടി, ചെണ്ടമേളം... ഗെയ്ലിനെ സ്വീകരിക്കാൻ കേരളത്തിന്റെ തനത് കലാ രൂപങ്ങൾ നിരന്നു. കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്റെ ജഴ്സിയണിഞ്ഞ് കറുത്ത ക്യാപ് ധരിച്ചായിരുന്നു ഗെയ്ൽ. തിരക്ക് കൂടിയതോടെ വഴികൊടുക്കാൻ ചാണ്ടി ഉമ്മൻ എം.എൽ.എ. തന്നെ നേരിട്ട് ആരാധകരോട് അഭ്യർഥിക്കുകയായിരുന്നു. വേദിയിൽ ചാണ്ടി ഉമ്മൻ സ്വാഗതമാശംസിച്ചു.
‘ഇത് പുതുപ്പള്ളിയുടെ ഓണമാണ്,’ ചാണ്ടി ഉമ്മന്റെ വാക്കുകൾ സദസ്സിന്റെ ആവേശം ഇരട്ടിയാക്കി. ഗെയ്ലിന്റെ പേര് പ്രിന്റുചെയ്ത ജഴ്സിയും ആനയുടെ രൂപവും ചാണ്ടി ഉമ്മൻ സമ്മാനിച്ചു. ഒപ്പ് രേഖപ്പെടുത്തിയ ബാറ്റ്, ഗെയ്ൽ ജോർജിയൻ സ്കൂൾ പ്രിൻസിപ്പൽ അന്നാ വർഗീസിന് സമ്മാനിച്ചു. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു ഗെയ്ൽ സ്കൂൾ ഗ്രൗണ്ടിലെത്തിയത്. ഉപരാഷ്ട്രപതിയുടെ യാത്രയുമായി ബന്ധപ്പെട്ട് ഗെയ്ലിന്റെ ഹെയ്ലിന്റെ ഹെലികോപ്റ്റർ എത്താൻ വൈകിയതിനാൽ നിശ്ചയിച്ച പല ചടങ്ങുകളും ഒഴിവാക്കി.
വെന്നിമലയിൽ സ്റ്റേഡിയം നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലം സന്ദർശനവും സ്കൂളിൽ കുട്ടികളുമായുള്ള സംവാദവും സമയക്കുറവുമൂലം ഒഴിവാക്കി. 2.10-ന് അദ്ദേഹം മടങ്ങി.
സാരഥിയായി ചാണ്ടി ഉമ്മൻപാമ്പാടി ആർ.ഐ.ടി. ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയശേഷം ഗെയ്ൽ സഞ്ചരിച്ച കാർ ഓടിച്ചത് ചാണ്ടി ഉമ്മനായിരുന്നു. ഗെയ്ലിനൊപ്പമുള്ള യാത്ര രസകരമായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
ചാണ്ടി ഉമ്മന്റെ വാക്കുകൾ ഇങ്ങനെ- ‘പുതുപ്പള്ളിയിൽ ക്രിക്കറ്റിന് സൗകര്യങ്ങൾ ഒരുക്കാൻ ആഗ്രഹമുണ്ടെന്ന് ഞാൻ പറഞ്ഞു. വെസ്റ്റ് ഇൻഡീസിലും കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്ന് അദ്ദേഹവും പറഞ്ഞു. ക്രിക്കറ്റിൽ വന്നതിനെക്കുറിച്ചും സംസാരിച്ചു. ‘ഫന്റാസ്റ്റിക് റിസപ്ഷൻ,’-പുതുപ്പള്ളിയിലെ സ്വീകരണത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ. പുതുപ്പള്ളിയിൽനിന്ന് വെന്നിമലയിലേക്കും പാമ്പാടിയിലേക്കും അതിവേഗത്തിലാണ് വാഹനമോടിച്ചത്. യൂ ആർ ഡ്രൈവിങ് ഫാസ്റ്റ്, എഫ്-1 ഡ്രൈവറാണോ’യെന്ന് തമാശച്ചോദ്യം.