മാലിന്യത്തിൽ പോര്‌

കാനാട്ടുപാറയിൽ മാലിന്യകേന്ദ്രം തുടങ്ങില്ല-എൽ.ഡി.എഫ്.

മാലിന്യനിർമാർജനം നഗരസഭയുടെ ചുമതല-എം.എൽ.എ.​

പാലാ : മുൻപ്‌ മാലിന്യം തള്ളിയിരുന്ന കാനാട്ടുപാറയിലെ നഗരസഭാസ്ഥലത്ത് വീണ്ടും മാലിന്യം തള്ളാൻ നീക്കം നടത്തുന്നുവെന്ന ആരോപണം വിവാദമാകുന്നു. ഇക്കാര്യത്തിൽ മാണി സി. കാപ്പൻ എം.എൽ.എ. ഇടപെടണമെന്ന ആവശ്യവുമായി ഇടതുപക്ഷം രംഗത്തെത്തി. നഗരസഭയാണ് ഉത്തരവാദിത്വം നിർവഹിക്കേണ്ടതെന്ന മറുപടിയുമായി മാണി സി. കാപ്പനും.

കാനാട്ടുപാറയിൽ മാലിന്യകേന്ദ്രം തുടങ്ങാൻ, ഇടതുപിന്തുണയോടെ ഭരിക്കുന്ന നഗരവികസനമുന്നണിക്ക് പദ്ധതിയില്ലന്ന് എൽ.ഡി.എഫ്. നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്ലാസ്റ്റിക് തരംതിരിക്കാൻ എം.സി.എഫ്. സ്ഥാപിക്കാത്തതിനാൽ നഗരസഭയ്ക്കെതിരേയുള്ള സർക്കാർ നടപടികളൊഴിവാക്കാൻ എം.എൽ.എ. ഇടപെടണം. കാനാട്ടുപാറയിലെ നഗരസഭാസ്ഥലത്ത് മാലിന്യം ഇടുമെന്ന യു.ഡി.എഫിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ മാസങ്ങളോളം നടത്തിയ ജനകീയസമരത്തെത്തുടർന്നാണ് കാനാട്ടുപാറ ഡമ്പിങ് ഗ്രൗണ്ട് അടച്ചുപൂട്ടിയത്. ഇപ്പോൾ യു.ഡി.എഫ്. നടത്തുന്ന സമരം നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രംമാത്രമാണെന്നും നേതാക്കൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ലാലിച്ചൻ ജോർജ്, ബാബു കെ. ജോർജ്, ടോബിൻ കെ. അലക്സ്‌, രമേശ് ബാബു, പി.കെ. ഷാജകുമാർ, ബിജു പാലൂപ്പടവൻ, ജോസുകൂട്ടി പൂവേലി, സജേഷ് ശശി എന്നിവർ പങ്കെടുത്തു.

# ഉത്തരവാദിത്വം നഗരസഭയ്ക്ക്‌ -എം.എൽ.എ.

മാലിന്യനിർമാർജനം ഫലപ്രദമായി നിർവഹിക്കേണ്ടത് നഗരസഭയുടെ ചുമതലയാണന്ന്‌ മാണി സി. കാപ്പൻ എം.എൽ.എ. ജനവാസമേഖലയായ കാനാട്ടുപാറയിൽ അടച്ചുപൂട്ടിയ ഡമ്പിങ് കേന്ദ്രം വീണ്ടും തുറക്കാനനുവദിക്കില്ലന്ന് എം.എൽ.എ. പറഞ്ഞു.

മാലിന്യനിർമാർജനത്തിന്‌ സർക്കാർ നൽകുന്ന പണമുപയോഗിച്ച് എം.സി.എഫ്. നിർമിച്ച് മാലിന്യം സംസ്കരിക്കണം. മാലിന്യസംസ്കരണത്തിന് എല്ലാ സഹായവും രാഷ്ട്രീയം നോക്കാതെ നൽകാൻ തയ്യാറാണെന്നും, കാനാട്ടുപാറയിൽ ഡമ്പിങ് ഗ്രൗണ്ടിന് താൻ എക്കാലവും എതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.