വീട് കുത്തിത്തുറന്ന് ഏഴുപവൻ സ്വർണം മോഷ്ടിച്ച കള്ളൻ പിടിയിൽ

ചങ്ങനാശേരി : വീട് കുത്തിത്തുറന്ന് ഏഴുപവൻ സ്വർണം മോഷ്ടിച്ച കള്ളനെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റുചെയ്തു. മാലൂർക്കാവ് പുതുപ്പറമ്പിൽ ഇസ്മയിൽ(46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ പന്ത്രണ്ടിന്‌ രാത്രിയിൽ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുസമീപം എസ്.എച്ച്.നഗറിൽ ഡോ. ഇക്ബാലിന്റെ വീട്ടിൽനിന്നാണ് സ്വർണാഭരണം അപഹരിച്ചത്.

മോഷണം നടത്തി 48 മണിക്കൂറിനുള്ളിൽ മോഷ്ടാവിനെ പോലീസ് പിടികൂടുകയായിരുന്നു. ഡോക്ടറും കുടുംബവും ഹരിപ്പാട് സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ യാത്രപോയ സമയത്ത് രാത്രി 12 മണിക്കുശേഷമാണ് മോഷണം നടന്നത്. പതിമൂന്നാം തീയതി വീട്ടുകാർ തിരിച്ചുവന്നപ്പോഴാണ് വീടിന്റെ പുറകുവശത്തെ വാതിൽ കുത്തിത്തുറന്ന് മോഷണം നടന്നതായി മനസ്സിലായത്.

സംഭവസ്ഥലത്തെത്തിയ പോലീസ് സമീപത്തെ സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചു. തുടർന്ന് പതിനഞ്ചാംതീയതി രാത്രിയോടുകൂടി മാലൂർകാവിലുള്ള പ്രതിയുടെ വീടിന്റെ സമീപത്തുനിന്ന്‌ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.

മോഷ്ടിച്ച ഏഴരപ്പവൻ സ്വർണാഭരണങ്ങളും 23,770 രൂപയും പ്രതിയുടെ പക്കൽനിന്നും പോലീസ് കണ്ടെത്തി. മോഷ്ടിച്ച സ്വർണത്തിൽനിന്ന്‌ നാല്‌ ഗ്രാം തൂക്കംവരുന്ന കമ്മൽ കുരുശുമ്മൂട് സ്വകാര്യ ധന ഇടപാട് സ്ഥാപനത്തിൽ പണയം വെച്ചിരുന്നു. പണയംവെച്ച സ്വർണവും ധനകാര്യ സ്ഥാപനത്തിൽനിന്ന്‌ കണ്ടെടുത്തു. പണയംവെച്ച് കിട്ടിയ രൂപയാണ് പ്രതിയുടെ കൈയിൽ ഉണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു.

മോഷണക്കേസുകളിൽ മുൻപും ശിക്ഷിക്കപ്പെട്ട ആളാണ് പ്രതി. പ്രതിയുടെ വാഹനവും കണ്ടെടുത്ത സ്വർണാഭരണങ്ങളും കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. ചങ്ങനാശ്ശേരി ഡിവൈ.എസ്‍.പി. എസ്. ആസാദ്, എസ്.എച്ച്.ഒ. അനിൽ ജോർജ്, എസ്.ഐ. ബിനിൽ, സിവിൽ പോലീസ് ഓഫീസർമാരായ ജൂഡ്, പ്രദീപ്, സതീഷ്, കലേഷ്, സൈനി, അൻവർ, നിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.