അമിതനിരക്ക് വേണ്ടാ

പാർക്കിങ്, ശൗചാലയം, കടകൾഎന്നിവിടങ്ങളിൽ കർശനപരിശോധന
കുടിവെള്ളംഉൾപ്പെടെ ഭക്ഷണപാനീയങ്ങളുടെ നിലവാരം പരിശോധിക്കും
എരുമേലി : അയ്യപ്പഭക്തർക്കായി എരുമേലിയിലെ ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി കെ. മുരളീധരൻ ആവശ്യപ്പെട്ടു. പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ അറിയിക്കണം. എരുമേലിയിൽ ശബരിമല അവലോകനയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വിവിധയിടങ്ങളിൽ അമിതനിരക്ക് അനുവദിക്കില്ലെന്നും യോഗം തീരുമാനമെടുത്തു. എരുമേലിയിലെ അന്നദാനമണ്ഡപത്തിൽ താത്കാലിക വൈദ്യുതി സൗകര്യം ഒരുക്കി താഴത്തെനിലയിൽ അന്നദാനവും മുകൾനിലയിൽ ഭക്തർക്ക് വിശ്രമസൗകര്യവും ഒരുക്കാൻ യോഗത്തിൽ തീരുമാനമായി. വിശ്രമസൗകര്യം സൗജന്യമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു.ഇക്കുറി എരുമേലിയിൽ അന്നദാനം, സന്നിധാനത്തിന് സമാനമായി മെനു നിശ്ചയിച്ച് കരാർ നൽകുന്ന രീതിയാണ്.അമിതനിരക്ക് ഈടാക്കുന്നതായി വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിൽ പാർക്കിങ്, ശൗചാലയം, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കർശനപരിശോധന നടത്തും. കുടിവെള്ളമുൾപ്പെടെ ഭക്ഷണപാനീയങ്ങളുടെ നിലവാരം പരിശോധിക്കും.എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. റോണി കെ.ബേബി എം.എൽ.എ., കളക്ടർ ചേതൻ കുമാർ മീണ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ, ദേവസ്വം കമ്മിഷണർ ബി. സുനിൽകുമാർ, ചീഫ് എൻജിനിയർ രഞ്ജിത്ത് ശേഖർ, വ്യാപാരിവ്യവസായി ഏകോപനസമിതി പ്രസിഡന്റ് സി.പി. മാത്തൻ ചാലക്കുഴി, ബ്ലോക്ക് ഗ്രാമപ്പഞ്ചായത്ത് പ്രതിനിധികൾ, വിവിധവകുപ്പ് പ്രതിനിധികൾ, ശബരിമല അയ്യപ്പസേവാസമാജം, അയ്യപ്പ സേവാസംഘം, ജമാഅത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
തീരുമാനങ്ങളും നിർദ്ദേശങ്ങളും
ഇക്കുറി ഭക്തരെ വഴിയിൽതടയുന്ന സാഹചര്യം ഉണ്ടാവില്ല. തിരക്ക് അനുസരിച്ച് ഇടത്താവളങ്ങളിൽ സൗകര്യം ഒരുക്കും.
കാനനപാതയിലെ പേരൂർതോട്ടിൽ വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള നാലേക്കറിൽപരം ഭൂമിയിൽ അടിക്കാട് തെളിച്ച് ഭക്തർക്ക് വിശ്രമസൗകര്യം ഒരുക്കാൻ നിർദ്ദേശം.
കോയിക്കക്കാവിൽ വിശ്രമ, ശൗചാലയസൗകര്യം ഒരുക്കും.
ജില്ലയിൽ ഇടത്താവളങ്ങളിലും റോഡിലെ 10-ബ്ലാക്ക് സ്പോട്ടുകളിലും പോലീസ് നിരീക്ഷണം.
കണമല അട്ടിവളവിൽ സംരക്ഷണക്കെട്ട് ഇടിഞ്ഞ് റോഡിലേക്ക് വീണത് അടിയന്തരമായി നീക്കും.
ഏറ്റുമാനൂർക്ഷേത്ര പരിസരത്ത് അഗ്നിരക്ഷാസേനയുടെ യൂണിറ്റ്. *കുളിക്കടവുകളിൽ സ്കൂബാ ടീമിന്റെ സേവനം.
എരുമേലി, ഏറ്റുമാനൂർ, കടപ്പാട്ടൂർ എന്നിവിടങ്ങളിൽ 16-ന് ആയുർവേദ ഡിസ്പെൻസറികൾ തുറക്കും.