എന്ന് കഴിയും ഈ നിർമാണം

കാഞ്ഞിരപ്പള്ളി : ഒരുവർഷത്തിലേറെക്കാലമായി രണ്ട് പാലങ്ങളുടെ നിർമാണം തുടങ്ങിയിട്ട്. പാലത്തിലൂടെ വാഹനങ്ങൾ കയറിത്തുടങ്ങിയെങ്കിലും നിർമാണപ്രവർത്തനങ്ങൾ ഇനിയും ബാക്കിയാണ്.ആനക്കല്ല്- എറികാട് റോഡിനെ ബന്ധിപ്പിക്കുന്ന കോഴികൊത്തിപ്പാലത്തിന്റെയും മഞ്ഞപ്പള്ളി- എറികാട് റോഡിനെ ബന്ധിപ്പിക്കുന്ന മഞ്ഞപ്പള്ളി പാലത്തിന്റെയും നിർമാണമാണ് അനന്തമായി നീളുന്നത്.

കോഴികൊത്തിപ്പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തി സ്ഥാപിക്കാത്തതിനാൽ അപകടം നിറഞ്ഞതാണ് ഇതുവഴിയുള്ള യാത്ര. അപ്രോച്ച് റോഡിന്റെ അരികിലുള്ള കുഴി മനസ്സിലാക്കുന്നതിനായെടുത്ത് വെച്ചിരിക്കുന്ന കട്ടകൾ മാത്രമാണ് ഏക സൂചന. കാടുകയറിക്കിടക്കുന്ന ഈ ഭാഗത്ത് ഏതുസമയവും അപകടങ്ങൾ സംഭവിക്കാം.

കഴിഞ്ഞ ഫെബ്രുവരിയിൽ പാലത്തിന്റെ കോൺക്രീറ്റിങ് നടത്തി. തിരഞ്ഞെടുപ്പിന്മുൻപ് അനുബന്ധ റോഡിൽ മണ്ണിട്ടുനികത്തി സഞ്ചാരയോഗ്യമാക്കിയതോടെ നിലച്ചതാണ് നിർമാണം.

മഞ്ഞപ്പള്ളി- എറികാട് റോഡിലെ മഞ്ഞപ്പള്ളി പാലത്തിന്റെ സ്ഥിതിയും ഇതുതന്നെ. പാലം നിർമിച്ചെങ്കിലും പാലത്തിന്റെ കൈവരികളും അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തി നിർമാണവും കോൺക്രീറ്റിങ്ങും ഇതുവരെ നടത്തിയിട്ടില്ല. ഈ രണ്ട് പാലങ്ങളും ഒരേസമയം നിർമാണ പ്രവർത്തനങ്ങൾക്കായി പൊളിച്ചിട്ടത് പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ യാത്രയെ സാരമായി ബാധിച്ചിരുന്നു. 2025 ഏപ്രിലിലാണ് ഈ പാലത്തിന്റെ നിർമാണം ആരംഭിച്ചത്.

ഡോ. എൻ. ജയരാജ് എം.എൽ.എ.ആയിരുന്നപ്പോൾ അനുവദിച്ച 32.50 ലക്ഷം രൂപയും ജില്ലാപഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് ഫണ്ടുകളും ഉപയോഗിച്ചാണ് കോഴികൊത്തിപ്പാലത്തിന്റെ നിർമാണം ആരംഭിച്ചത്.

ത്രിതലപഞ്ചായത്തുകളുടെ സഹകരണത്തോടെ 30 ലക്ഷം രൂപയായിരുന്നു മഞ്ഞപ്പള്ളി പാലത്തിന് അനുവദിച്ചത്. ഫണ്ടിന്റെ അപര്യാപ്തതയാണ് ഈ രണ്ട് പാലങ്ങളുടെയും നിർമാണം നിലയ്ക്കാൻ കാരണമായത്.

മുൻ എം.എൽ.എ. ഡോ. എൻ. ജയരാജ് പത്തുലക്ഷം രൂപ കൂടി കോഴികൊത്തിപ്പാലത്തിനായി അനുവദിച്ചിരുന്നു. ഈ തുകയ്ക്കുള്ള നിർമാണ പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികളടക്കം വൈകിയതും നിർമാണത്തെ ബാധിച്ചു.