വിജയദശമി നായർ മഹാസമ്മേളനം; വിളംബരജാഥ തുടങ്ങി

ചങ്ങനാശ്ശേരി : നായർ സർവീസ് സൊസൈറ്റിയോട് ചിലയിടങ്ങളിൽനിന്നും കാണിക്കുന്ന അവഗണനയ്ക്കെതിരേ നടക്കുന്ന പ്രവർത്തനങ്ങളുടെ പ്രതീകമാണ് ഈ വിളംബരജാഥയെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ. ചങ്ങനാശ്ശേരി എൻ.എസ്.എസ്. താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന വിജയദശമി നായർ മഹാസമ്മേളനത്തിന് മുന്നോടിയായി യൂണിയൻ പ്രസിഡന്റ് എസ്. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന വിളംബരജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ ചുമതലയിൽ എല്ലാ വർഷവും നടത്തുന്ന വിജയദശമി-നായർ മഹാസമ്മേളനത്തിന്റെ 113-ാം വാർഷികവും യൂണിയന്റെ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനവും 21-ന് പെരുന്ന എൻ.എസ്.എസ്. ഹിന്ദുകോേളജ് ഓഡിറ്റോറിയത്തിൽ നടക്കും. ഇതിന് മുന്നോടിയായുള്ള രഥഘോഷയാത്രയാണ് മന്നം സമാധിയിൽനിന്നും നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഭദ്രദീപം തെളിയിച്ച്ഉദ്ഘാടനം ചെയ്തത്. മന്നം സമാധിയിലെ പുഷ്പാർച്ചനയ്ക്കുശേഷംചങ്ങനാശ്ശേരി താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ്. നായകസഭാംഗവുമായ എസ്.സുരേഷ്കുമാറിന് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ എൻ.എസ്.എസ്. പതാക കൈമാറി. സംഘടനാവിഭാഗം മേധാവി ഡോ.കെ.ബി.ജഗദീശ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ശ്രീകുമാർ, യൂണിയൻ സെക്രട്ടറി എം.എസ്. രതീഷ് കുമാർ, അഡീഷണൽ ഇൻസ്പെക്ടർ അഖിൽ വി.നായർ, വകുപ്പ്മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. പ്രസിഡന്റ് എസ്.സുരേഷ് കുമാറും മുഴുവൻ കമ്മിറ്റിയംഗങ്ങളും കുറിച്ചി മേഖലയിലെ മുഴുവൻ കരയോഗങ്ങളും സന്ദർശിച്ച് പുതുപ്പള്ളി മേഖലയിലെ കരയോഗങ്ങളിലെ പര്യടനം പൂർത്തിയാക്കി പരിയാരം എൻ.എസ്.എസ്. കരയോഗത്തിൽ എത്തി ആദ്യദിവസ സന്ദർശനം പൂർത്തിയാക്കി.