ഇതൊന്നും റോഡല്ല എം.സി.കാടാണ്

റോഡിന്റെ പല ഭാഗവും കാടുകയറി; കാൽനടയാത്ര കഠിനം
കുര്യനാട് : എം.സി.റോഡിന്റെ പലഭാഗവും കാടുകയറി മൂടിയ നിലയിൽ. വിദ്യാർഥികളടക്കം ഇഴജന്തുക്കളെ പേടിച്ചാണ് കാൽനടയാത്ര. വെമ്പള്ളി, കളത്തൂർ, കുര്യം, കുര്യനാട്, വട്ടംകുഴി വളവ്, കോഴാ, ചീങ്കല്ലേൽ, മുണ്ടിയാനിപ്പുറം, മോനിപ്പള്ളി, ആച്ചിക്കൽ, പുതുവേലി തുടങ്ങിയ ഇടങ്ങളിലെല്ലാം ഒരാളിലധികം ഉയരത്തിൽ പുല്ലും ചെടികളും വളർന്നു. എം.സി. റോഡ് നവീകരണം കഴിഞ്ഞിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടു. പൊതുമരാമത്ത് വകുപ്പിൽനിന്ന് കരാർ എടുത്തിരുന്നവർ കാലാവധിയെത്തും മുമ്പേ പിൻവാങ്ങി. ഇതോടെ പേരിനുള്ള കുഴിയടയ്ക്കൽ മാത്രമാണ് നടന്നുവരുന്നത്.
വഴിയോരത്തെ കാടുവെട്ടൽ, ഓടകൾ വൃത്തിയാക്കൽ, സീബ്രാ ലൈനുകൾ പുതുക്കി വരയ്ക്കൽ, ദിശാബോർഡുകളില കാടുനീക്കി കഴുകി തെളിച്ചെടുത്ത് പ്രയോജനപ്പെടുത്തൽ, നടപ്പാതകൾ സുരക്ഷിതമാക്കുന്നതിന് ഓടകൾക്ക് മുകളിലെ പൊട്ടിയ മൂടികൾ മാറ്റിസ്ഥാപിക്കൽ എന്നിങ്ങനെയുള്ള കരാറാണ് മുമ്പ് നടത്തിയിരുന്നത്. ഇതൊക്കെ നിലച്ചു.
സോളർ വിളക്കുകളും നശിച്ചു. പ്രധാന കവലകളിൽപോലും രാത്രിവെളിച്ചമില്ല. പട്ടിത്താനം മുതൽ പുതുവേലി ചോരക്കുഴി പാലംവരെ 269 സൗരോർജ വിളക്കുകളും പ്രവർത്തനരഹിതമായി.