ടാർ വില കുതിക്കുന്നു താളംതെറ്റി റോഡ് പണി

കോട്ടയം : രാജ്യാന്തര വിപണിയിൽ ടാറിന്റെയും നിർമാണ സാമഗ്രികളുടെയും വിലവർധനയിൽ നഗരസഭാ പരിധിയിലെ റോഡ് നിർമാണവും അറ്റകുറ്റപ്പണികളും സ്തംഭിച്ചു.

കരാർ ഏറ്റെടുക്കുന്നവർക്ക് സർക്കാർ ഒരുബാരൽ ടാറിന് 8000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ ടാറിന്റെ വിപണിവില ബാരലിന് 15,700 രൂപയായി ഉയർന്നു. ടാറിനുപുറമേ മറ്റ്് നിർമാണസാമഗ്രികളായ മെറ്റൽ, അടക്കമുള്ളവയ്ക്കും വില ഉയർന്നു. പശ്ചിമേഷ്യൻ യുദ്ധപശ്ചാത്തലത്തിലാണ്‌ പെട്രേളിയം ഉത്പന്നമായ ടാറിെന്റ വില കുത്തനെ ഉയർന്നത്‌. സർക്കാരിൽനിന്ന് ലഭിക്കുന്ന കരാർ തുകയും നിലവിലെ വിപണിവിലയും തമ്മിൽ വൻ വ്യത്യാസമുള്ളതിനാൽ പണി ഏറ്റെടുത്താൽ സാമ്പത്തികബാധ്യത വരുമെന്ന്‌ കരാറുകാർ പറയുന്നു. കരാർ എടുത്തവർക്കും കൃത്യസമയത്ത് പണി പൂർത്തിയാക്കാനാകാത്ത അവസ്ഥയാണ്.

എം.എൽ.എ.ഫണ്ട് റോഡ്, വാർഡുകളിൽ നേരിട്ട് നഗരസഭ നടത്തുന്ന റോഡ് നിർമാണം എന്നിവയൊക്കെ നിലച്ചു. ക്വാറി ഉത്പന്നങ്ങളുടെ വിലക്കയറ്റവും ഗതാഗതച്ചെലവും പ്രതിസന്ധിയുടെ ആക്കംകൂട്ടി. നിർമാണപ്രവർത്തനങ്ങളിൽ നിന്ന് കരാറുകാർ പിന്മാറുകയാണ്. ടാർവില വർധനയ്ക്ക് ആനുപാതികമായി ടെൻഡർ നിരക്കുകൾ പുതുക്കി നിശ്ചയിക്കണമെന്നാണ്‌ കരാറുകാരുടെ ആവശ്യം.

ചെല്ലിയൊഴുക്കം, അണ്ണാൻകുന്ന്, വൈ.എം.സി.എ. ക്ലബ് പരിസരം, വെട്ടൂർ റോഡ്, നീലിമംഗലം എന്നിവിടങ്ങളിലെ റോഡുകളിൽ നവീകരണം മുടങ്ങി. കുമാരനല്ലൂർ ഭാഗത്തെ ബി.എസ്.എൻ.എൽ.-പുല്ലുകുന്ന് റോഡ്, വടക്കേനട-കിഴക്കേനട എന്നിവിടങ്ങളിലെ പണികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാനാവില്ലെന്ന ആശങ്കയിലാണ് കരാറുകാർ .