സ്വകാര്യബസ് മറ്റൊരു ബസിന്റെ പിന്നിൽ ഇടിച്ച് 16 പേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി : ദേശീയപാത 183-ൽ കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ സ്വകാര്യബസ് മറ്റൊരു ബസിന്റെ പിന്നിലിടിച്ചു 16 യാത്രക്കാർക്ക് പരിക്ക്. പത്തനാട് ആനന്ദഭവനിൽ ഗ്രീഷ്മ (23), ആനന്ദഭവനിൽ റോഷ്‍ണി (51), കാനംഭാഗം മാലത്ത് കുരുവിള (48), മണിമല സ്വദേശി മേരി (65), ചാമംപതാൽ ആലുംമൂട്ടിൽ ഏബ്രഹാം ജോർജ് (55), ചിറക്കടവ് കൈപ്പലാനിക്കൽ സ്വർണകുമാരി (72), മണിമല വാലുമണ്ണേൽ സിന്ധു (49), പട്ടിമറ്റം പാറയ്ക്കൽ ശശികല (63), പാറത്തോട് ചന്നാമാവുങ്കൽ രാഖി (31), കുപ്പക്കയം പുത്തൻവീട്ടിൽ സുശീല(51), വാഴൂർ മാമൂട്ടിൽ ആമിന (25), കറിക്കാട്ടൂർ നാഗത്തിങ്കൽ സീബ(61), ചിറക്കടവ് സ്വദേശികളായ പൈനുങ്കൽ അശ്വതി (40), പാറോടിൽ അംബിക (50), പാറോടിൽ അനന്തു (25), ഇടത്തിനകത്ത് മിനു (21) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തലയ്ക്ക് പരിക്കേറ്റ് വിദഗ്ധ ചികിത്സ ആവശ്യമായ നാല് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ മൂക്കിന് പൊട്ടലുണ്ടായി. ഇടിയെ തുടർന്ന് ബസിനുള്ളിലെ കമ്പികളിൽ മുഖമിടിച്ചാണ് യാത്രികർക്ക് കൂടുതലും പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു അപകടം.
മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന ബസിന്റെ പിൻഭാഗത്ത് മണിമലയിൽനിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് വരുകയിരുന്ന ബസ് ഇടിക്കുകയായിരുന്നു. കുരിശുങ്കൽഭാഗത്ത് ഗതാഗതക്കുരുക്കിൽപെട്ടതോടെ മുൻപിൽ പോയ ബസ് ബ്രേക്കിട്ട് നിർത്തിയപ്പോൾ പിന്നാലെയെത്തിയ ബസ് മുൻപിലുണ്ടായിരുന്ന ബസിന്റെ പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബസ് മറ്റൊരു കാറിൽ ഇടിച്ച് കാറിന് കേടുപാടുണ്ടായി. ദേശീയപാതയിൽ കുരിശുങ്കലിൽ ഏറെനേരം ഗതാഗതക്കുരുക്കുമുണ്ടായി. പോലീസ് സ്ഥലത്തെത്തി ബസ് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.