വെച്ചൂർ പള്ളി തിരുനാൾ ഇന്ന്

വൈക്കം : നോയമ്പാചരണം പൂർത്തിയാക്കി ഹൃദയശുദ്ധിയോടെയെത്തിയ അനേകായിരങ്ങൾ വെച്ചൂർ മുത്തിയുടെ നിർമലരൂപം കണ്ട് നിർവൃതിയടഞ്ഞു. തിങ്കളാഴ്ച വൈകീട്ട് 6.30-ന് അംബികാമാർക്കറ്റ് കപ്പേളയിൽനിന്ന് വിശുദ്ധകന്യകമറിയത്തിന്റെ രൂപം അലങ്കാരങ്ങൾ ചാർത്തി പള്ളിയിലേക്ക് എഴുന്നള്ളിച്ചു. ആയിരക്കണക്കിന് വിശ്വാസികൾ നിർമലരൂപം കണ്ടു പ്രാർഥിച്ചു.
രാവിലെ മുതൽ നേർച്ചകാഴ്ചകൾ അർപ്പിക്കാനും നീന്ത് വഴിപാട് നടത്താനും എത്തിയ ഭക്തരുടെ തിരക്കുണ്ടായിരുന്നു. വൈകീട്ട് കപ്പേളയിൽ വേസ്പര ചടങ്ങുകൾ നടത്തി. ഫാ. ജോയ് പ്ലാക്കൽ, ഡോ. കുര്യാക്കോസ് മുണ്ടാടൻ, പള്ളി വികാരി ഫാ. ജോഷി കളപ്പറമ്പത്ത്, സഹവികാരി ഫാ. ജിബിൻ എന്നിവർ മുഖ്യകാർമികരായിരുന്നു. ചടങ്ങുകൾക്കുശേഷം പരിശുദ്ധകന്യകാമറിയത്തിന്റെ നിർമലരൂപം അലങ്കാരങ്ങൾ ചാർത്തി പള്ളിയിലേക്ക് എഴുന്നള്ളിച്ചു.
ട്രസ്റ്റിമാരായ ബിജു മിത്രംപള്ളി, സേവ്യർ മലയിൽ, വൈസ് ചെയർമാൻ ജിയോ ഭഗവതിക്കൽ എന്നിവർ നേതൃത്വം നൽകി. ചൊവ്വാഴ്ച പരിശുദ്ധകന്യകാമറിയത്തിന്റെ തിരുനാൾ ആഘോഷിക്കും. രാവിലെ 4.30 മുതൽ വൈകീട്ട് 3.00 വരെ വിവിധസമയങ്ങളിൽ കുർബാന, നീന്തുനേർച്ച, നേർച്ചക്കഞ്ഞി, ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം എന്നിവയും നടക്കും. വൈകീട്ട് 3.30-ന് തിരുനാൾ പാട്ടുകുർബാനയ്ക്കുശേഷം പരിശുദ്ധകന്യാകമറിയത്തിന്റെ തിരുസ്വരൂപം തിരുനാൾ പ്രദക്ഷിണത്തിൽ എഴുന്നള്ളിക്കും.