ആകെ തകർന്ന് കൂത്രപ്പള്ളി റോഡ്

കൂത്രപ്പള്ളി : കൂത്രപ്പള്ളിയിൽനിന്നും ചിറയ്ക്കൽ ഭാഗത്തേക്കുള്ള പഞ്ചായത്ത് റോഡ് തകർന്നിട്ട് കാലങ്ങളായി. 14, 12 വാർഡുകളിലെ ഇരുന്നൂറോളം കുടുംബങ്ങൾ യാത്രചെയ്യുന്ന റോഡാണ് പൂർണമായി തകർന്നത്. പലപ്പോഴായി കോൺക്രീറ്റുചെയ്ത റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. തകർന്ന റോഡിലെ കുഴികൾ നാട്ടുകാർ പിരിവ് എടുത്താണ് നന്നാക്കിയത്. കോൺക്രീറ്റ് ഇളകി വലിയ കുഴികൾ രൂപപ്പെട്ടതോടെ ഓട്ടോറിക്ഷാ വിളിച്ചാൽ പോലും വരാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. റോഡ് നന്നാക്കണമെന്ന് പലവട്ടം അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.