പുളിഞ്ചുവട്-പരുത്തിമുടി ഭജനമഠം റോഡ്; ഇനിയെങ്കിലും നന്നാക്കിത്തരുമോ...

വൈക്കം : പുളിഞ്ചുവട്-പരുത്തിമുടി ഭജനമഠംറോഡ് ഇനിയെങ്കിലും നന്നാക്കിത്തണമെന്ന് നാട്ടുകാർ. വൈക്കം നഗരസഭയിലും ഉദയനാപുരം പഞ്ചായത്തിലുമായി കിടക്കുന്ന റോഡിന് ഒന്നര കിലോമീറ്റർ ദൂരമാണുള്ളത്. എം.എൽ.എ. ഫണ്ടിൽനിന്നും അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നന്നാക്കേണ്ടത്. കഴിഞ്ഞ മാർച്ച് 30-നാണ് റോഡ് ടെൻഡർ ചെയ്തത്. പ്രദേശവാസിയായ കരാറുകാരൻ ജോലി എടുക്കുകയും ചെയ്തു. ജില്ലാപഞ്ചായത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർക്കാണ് നിർവഹണച്ചുമതല.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽതന്നെ കരാറുകാരൻ റോഡ് നിരത്തി മെറ്റലിട്ട് ഉറപ്പിക്കുകയും ചെയ്തു. ടാറിങ് നടത്താനിരിക്കുന്നതിനിടെ ടാറിന്റെ വില കുത്തനെ വർധിച്ചതോടെ തുടർപ്രവൃത്തികൾ കരാറുകാരൻ നിർത്തിവെച്ചു. വാഹനങ്ങൾ കടന്നുപോകുന്നതിനാൽ പലഭാഗത്തെയും മെറ്റലിളകി റോഡിൽ കുഴികൾ രൂപപ്പെട്ടു. പൊടിശല്യവും രൂക്ഷം. വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും ഇരുചക്രവാഹനയാത്രികരുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്.

പൊതുമരാമത്ത് വകുപ്പിലടക്കം ടാർവില വർധനവിനനുസരിച്ച് ടാറിന്റെ അധികതുക പുതുക്കി നൽകുന്നുണ്ടെങ്കിലും ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന റോഡ് വികസനപദ്ധതികളിൽ ഇത് പ്രാബല്യത്തിലില്ലാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് കരാറുകാരൻ കെ. ശിവപ്രസാദ് പറയുന്നത്. വൈക്കം എം.എൽ.എ.യുമായി ചർച്ചനടത്തി റോഡിലെ ടാറിങ് ഭാഗത്തെ നീളം കുറച്ച് ടൈൽ വിരക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.