ശ്രദ്ധിക്കുക, കൊടുംവളവാണ്

പി.പി.റോഡിലെ എലിക്കുളം മഞ്ചക്കുഴി വളവ്
എലിക്കുളം : ശ്രദ്ധയൊന്ന് തെറ്റിയാൽ അപകടത്തിലേക്ക്...പാലാ-പൊൻകുന്നം റോഡിലെ കൊടുംവളവായ മഞ്ചക്കുഴി വളവിലെ സ്ഥിതി ഇതാണ്. ഒട്ടേറെ അപകടങ്ങൾ നടന്ന ഇവിടെ ഏറ്റവുമൊടുവിൽ കഴിഞ്ഞദിവസം പെട്ടിഓട്ടോ റോഡിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞു. കൂറിയർ കമ്പനിയുടെ പെട്ടിഓട്ടോ മറിഞ്ഞ് ഡ്രൈവർ എറണാകുളം വൈപ്പിൻ മാലിപ്പുറം തുറമുഖത്ത് വീട്ടിൽ ഷാസിന്(27) പരിക്കേറ്റു. സമീപത്തെ ഓട്ടോത്തൊഴിലാളികൾ ചേർന്ന് ഷാസിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാഞ്ഞിരപ്പള്ളി-എലിക്കുളം റോഡ് സംഗമിക്കുന്ന മഞ്ചക്കുഴിയിലേത് പി.പി. റോഡിലെ അപകടകരമായ വളവുകളിലൊന്നാണ്. പൊൻകുന്നം ഭാഗത്തുനിന്ന് വളവ് തിരിഞ്ഞെത്തുന്നിടത്ത് കാഞ്ഞിരപ്പള്ളി-തമ്പലക്കാട് റോഡ് കൂടിച്ചേരും. ഇവിടെ ഇരുവശത്തേക്കും വാഹനങ്ങൾ തിരിഞ്ഞുകയറുമ്പോൾ അപകടസാധ്യതയേറെയാണ്. പാലാ ഭാഗത്തുനിന്ന് വാഹനങ്ങൾ വരുമ്പോൾ മഞ്ചക്കുഴി വളവിന് തൊട്ടുമുൻപ് നേരേയുള്ള റോഡായതിനാൽ അതിവേഗത്തിലാകും വരുന്നത്. വളവിനടുത്തെത്തുമ്പോൾ മാത്രമാണ് വേഗം കുറയ്ക്കാൻ ശ്രമിക്കുന്നത്.
എതിരേ വാഹനങ്ങൾ വരുമ്പോൾ പെട്ടെന്നുള്ള ബ്രേക്കിങ് വാഹനങ്ങൾ റോഡിൽനിന്ന് തെന്നിമാറുന്നതിന് കാരണമാകുന്നുണ്ട്. മാത്രമല്ല, ഇവിടെ കാൽനടയാത്രക്കാരും ഭീതിയിലാണ്. പാലാ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ വളവിൽ നിയന്ത്രണം വിടാൻ സാധ്യതയേറെയാണ്. പാലാ ഭാഗത്തുനിന്നെത്തിയ ഓട്ടോയാണ് മറിഞ്ഞതും. വളവിൽ ഓവർടേക്കിങ്ങിന് ശ്രമിക്കുന്നതും അപകടകാരണമാകുന്നുണ്ട്.
മുൻപ് ഇതേ വളവിൽ ബൈക്കിൽ യാത്ര ചെയ്ത കെ.എസ്.ആർ.ടി.സി.ഡ്രൈവർ അപകടത്തിൽ മരിച്ചതാണ്. സമീപത്തെ കലുങ്കിൽ വാഹനമിടിച്ച് അപകടമുണ്ടായിട്ടുണ്ട്.
വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ വളവുകളുടെ ഇരുവശത്തും റമ്പിൾ സ്ട്രിപ്പ് സ്ഥാപിക്കണമെന്നാണ് ആവശ്യം