പൊൻകുന്നം കെ.വി.എം.എസ്. കവല കുരുക്കിൽ

പൊൻകുന്നം-എരുമേലി റോഡിൽ തത്കാലം വൺവേയില്ല
പൊൻകുന്നം : ശബരിമല തീർഥാടകരുടെ വാഹനങ്ങൾക്ക് വൺവേ ആയിരുന്ന കെ.വി.എം.എസ്.-വിഴിക്കിത്തോട്-എരുമേലി റോഡിൽ താത്കാലികമായി ഇരുവശത്തേക്കും ഗതാഗതം അനുവദിച്ചപ്പോൾ കെ.വി.എം.എസ്. കവല ഗതാഗതക്കുരുക്കിൽ. ഇതോടെ ദേശീയപാതയിലും ഗതാഗതക്കുരുക്കേറി.
തീർഥാടനം കഴിഞ്ഞ് മടങ്ങുന്നവരുടെ വാഹനങ്ങൾ മുൻപ് മൂന്നാംമൈൽ മൂങ്ങത്ര വഴി ചിറക്കടവ് എസ്.ആർ.വി. കവലയിൽ എത്തി പുനലൂർ-പൊൻകുന്നം ഹൈവേയിലെത്തുകയായിരുന്നു. എന്നാൽ ഈ റോഡിന്റെ അറ്റകുറ്റപ്പണി നടത്തുന്നതുകൊണ്ട് കെ.വി.എം.എസ്. റോഡിലെ വൺവേ പിൻവലിച്ചതാണ്. ഇതുമൂലം വീതികുറവായ റോഡിലൂടെ ഇരുവശത്തേക്കും ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ ഗതാഗതം ഏറെനേരം തടസ്സപ്പെടുന്നു. വളവും വീതിക്കുറവും പ്രശ്നമാണ്. വാഹനങ്ങൾക്കിടയിലൂടെ നടന്നുനീങ്ങാൻ കാൽനടയാത്രക്കാരും വിഷമിക്കുകയാണ്.
കെ.വി.എം.എസ്.കവലയിൽ മിക്കപ്പോഴും മൂന്ന് പോലീസ് ഉദ്യോഗസ്ഥർ വരെ ട്രാഫിക് നിയന്ത്രണത്തിനുണ്ട്. എന്നാൽ ഇവർക്കും ഗതാഗതം സുഗമമാക്കാൻ സാധിക്കാറില്ല. വീതികുറവായ എരുമേലി റോഡിലേക്ക് ബസുകൾ തിരിഞ്ഞുകയറുമ്പോഴുണ്ടാകുന്ന കാലതാമസം ദേശീയപാതയിൽ തടസ്സമുണ്ടാക്കും. ഇതിനിടെ ദേശീയപാതയിലേക്ക് പ്രവേശിക്കാനും നിരവധി തീർഥാടകവാഹനങ്ങൾ കാത്തുകിടക്കുന്നുണ്ടാകും. കെ.വി.എം.എസ്.കവലയിൽ ഗതാഗതക്കുരുക്ക് അപകടങ്ങൾക്കും ഇടയാക്കാറുണ്ട്.
വൺവേ പുനഃസ്ഥാപിക്കുംവരെ പമ്പയിൽനിന്ന് തിരികെ വരുന്ന വാഹനങ്ങൾ എരുമേലിയിൽ നിന്ന് 26-ാം മൈലിൽ എത്തി ദേശീയപാതയിൽ പ്രവേശിക്കുംവിധം ഗതാഗതം ക്രമീകരിച്ചാൽ കെ.വി.എം.എസ്.റോഡിലെ അപകടസാധ്യത കുറയും. ആളുകൾ മരിക്കാൻ ഇടയാക്കിയ അപകടങ്ങൾ മുൻപ് കവലയിൽ ഉണ്ടായിട്ടുണ്ട്.
അതിനാൽ കെ.വി.എം.എസ്.കവലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ശബരിമല തീർഥാടകരുടെ വാഹനങ്ങൾക്ക് വൺവേ സംവിധാനം ഏർപ്പെടുത്തുകമാത്രമാണ് പരിഹാരം.