കാൽനാട്ടിയിട്ട് എട്ടുമാസം; ട്രാൻസ്ഫോർമർ എത്തിയില്ല

കുറവിലങ്ങാട് : കോഴാ, നരിവേലി, പാവുത്തിയേൽ, ചിറകണ്ടം, മുണ്ടൻവരമ്പ് പ്രദേശങ്ങളിലെ രൂക്ഷമായ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി അനുവദിച്ച പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന ജോലി എട്ടുമാസമായിട്ടും പൂർത്തിയാകാത്തതിൽ ജനകീയ പ്രതിഷേധം. ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനായി മൂന്ന് വൈദ്യുതിത്തൂണുകൾ സ്ഥാപിച്ചിട്ട് എട്ടുമാസം പിന്നിട്ടു. പിന്നീട് ഇതുവരെ തുടർനിർമാണം നടന്നില്ല. ട്രാൻസ്ഫോർമറിനാവശ്യമായ ഇൻസുലേറ്റഡ് കേബിളുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ സ്ഥലത്തെത്തിച്ചു.

പ്രദേശത്തെ ഏകദേശം 150 കുടുംബങ്ങളാണ് വർഷങ്ങളായി രൂക്ഷമായ വോൾട്ടേജ് ക്ഷാമം നേരിടുന്നത്. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് സ്നേഹവേദി സൊസൈറ്റി, ബാപ്പുജി എസ്.എച്ച്.ജി., ഐക്യവേദി എസ്.എച്ച്.ജി. എന്നിവയുടെ നേതൃത്വത്തിൽ ജനകീയസമിതിക്ക് രൂപം നൽകി. സ്നേഹവേദി സൊസൈറ്റി പ്രസിഡന്റ് ടിക്സൺ മണിമലത്തടം അധ്യക്ഷനായി. ബാപ്പുജി സ്വാശ്രയസംഘം പ്രസിഡന്റ് ജിജോ വടക്കേടം പ്രമേയം അവതരിപ്പിച്ചു. കൺവീനർ പ്രൊഫ. ജോജി ഒറ്റക്കണ്ടം ഉദ്ഘാടനം ചെയ്തു. ഈ ആവശ്യം ഉന്നയിച്ച് പ്രദേശവാസികളുടെ ഒപ്പുശേഖരണം നടത്തി. പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ചു. കെ.എസ്.ഇ.ബി.ക്ക് കൂട്ടായ ഓൺലൈൻ പരാതികളും നൽകി.

ജനജീവിതത്തെ ബാധിക്കുന്നു

തുടർച്ചയായ വൈദ്യുതി തടസ്സം ദൈനംദിന ജീവിതത്തെ ബാധിക്കുന്നു. പുതിയ ട്രാൻസ്ഫോർമർ പ്രവർത്തനക്ഷമമാകുന്നതോടെ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകൂ.

-ജോർജ് ടിക്സൺ, മണിമലത്തടം, സ്നേഹവേദി സാംസ്കാരിക സമിതി പ്രസിഡന്റ്