കാനനപാതയിൽ കമാനമൊരുക്കി വനം വകുപ്പ്

മുണ്ടക്കയം : പരമ്പരാഗത കാനന പാതയിലൂടെ എത്തുന്ന ശബരിമലതീർഥാടകരെ വരവേൽക്കാൻ വനംവകുപ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കി. കോയിക്കൽക്കാവ് മുതൽ അഴുതക്കടവ് വരെയുള്ള കാനനപാതയിൽ ഇരുമ്പ് കമ്പിയിൽ കയറുകൊണ്ട് നിർമ്മിച്ച പ്രവേശന കവാടമാണ് ശ്രദ്ധേയമാകുന്നത്.

എരുമേലി റെയിഞ്ച് ഓഫീസർ കെ.വി. രതീഷിന്റെ നേതൃത്വത്തിൽ കാനനപാത സമ്പൂർണ പ്ലാസ്റ്റിക് രഹിതമാക്കുവാനുള്ള നടപടികളുടെ ഭാഗമായാണ് കമാനം സ്ഥാപിച്ചത്. ഇതിനുസമീപത്തായി പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന നിർദ്ദേശവും പതിപ്പിച്ചിട്ടുണ്ട്.

അഞ്ച് പുതിയ ഈ ടോയ്‌ലറ്റുകളാണ് വനം വകുപ്പ് പ്രദേശത്ത് സ്ഥാപിച്ചത്. കാനനപാതയിൽ ദേവസ്വം ബോർഡിന്റെ ഫണ്ട് ഉപയോഗിച്ച് മൂന്ന് ടോയ്‌ലറ്റുകളും നിർമിച്ചു. സ്വാമിമാരുടെ കൈവശമുള്ള പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ എന്നിവ ഇവിടെ പരിശോധിച്ച്‌ ശേഖരിച്ചുവെച്ചശേഷം തുണിസഞ്ചി പകരമായി തീർഥാടകർക്ക് നൽകിയാണ് കയറ്റിവിടുന്നത്. മുൻവർഷങ്ങളിലേതുപോലെ കുട്ടികളായ ഭക്തർക്ക് മിട്ടായി നൽകി വനപാലകർ സ്വീകരിക്കും. നിലവിൽ ഇതുവഴി തിരക്ക് കുറവാണ്. വണ്ടിപ്പെരിയാർ സത്രം വഴി ഇത്തവണ കൂടുതൽ ആളുകൾ കടന്നുപോയി. യാത്രചെയ്യുന്നതിലെ ദൂരക്കുറവും കയറ്റം ഇല്ലാതെ സന്നിധാനത്ത് എത്തിച്ചേരാം എന്നതുമാണ് സത്രം വഴി കൂടുതൽ തീർഥാടകർ വിനിയോഗിക്കുന്നത്. ബുധനാഴ്ച വരെ 6132 തീർഥാടകരാണ് പരമ്പരാഗത കാനനപാത വഴി ദർശനത്തിന് എത്തിയത്.