അണിയറപ്പടി- മാണികുളം റോഡിൽ കുഴികൾ മണ്ണിട്ടുമൂടി മടുത്തു

നെടുംകുന്നം : കാലാവധി കഴിഞ്ഞ അണിയറപ്പടി- കല്ലോലി- മാണികുളം റോഡിലെ കുഴികൾ മണ്ണിട്ടുമൂടി നാട്ടുകാർ മടുത്തു. പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെട്ട റോഡ് തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുത്തില്ലെങ്കിൽ പെട്ടുപോകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ഏഴുവർഷം മുമ്പാണ് 1.23 കോടി രൂപ മുടക്കി വാഴൂർ- മണിമല റോഡുകളെ ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡ് ബൈപ്പാസാക്കി നവീകരിച്ചത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലെ പ്രധാന റോഡ് കാലാവധി കഴിഞ്ഞതോടെ പൂർണമായി പൊട്ടിപ്പൊളിഞ്ഞു. പലയിടത്തും ടാറിങ് ഇളകി വലിയ കുഴികൾ രൂപപ്പെട്ടു. തകർന്ന റോഡ് നന്നാക്കണമെന്ന് നാട്ടുകാർ പലവട്ടം അധികൃതരോട് ആവശ്യപ്പെട്ടതാണ്. പദ്ധതി കാലാവധി കഴിഞ്ഞതിനാൽ അറ്റകുറ്റപ്പണിപോലും നടത്താൻ കഴിയില്ല. ജില്ലാപഞ്ചായത്തോ, ഗ്രാമപ്പഞ്ചായത്തോ ഏറ്റെടുത്താൽ മാത്രമേ ഇനി നവീകരണം നടക്കുകയുള്ളൂ. മിനി ബൈപ്പാസാക്കി പുനർനിർമിച്ചാൽ നെത്തല്ലൂർ, മണിമല ഭാഗങ്ങളിൽനിന്ന്‌ വരുന്ന വാഹനങ്ങൾക്ക് കറുകറുച്ചാലിലെത്താതെ ഗതാഗതക്കുരുക്ക് ഒഴിവാക്കി സുഗമമായി സഞ്ചരിക്കാം.