അഷ്ടമിക്കും കാർത്തിക ഉത്സവത്തിനുമുള്ള കൊടിക്കൂറ സമർപ്പിച്ചു

വൈക്കം : വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിനും ഉദയനാപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിനും കൊടികയറ്റാനുള്ള കൊടിക്കൂറകൾ ശനിയാഴ്ച രാവിലെ ആചാരപൂർവ്വം സമർപ്പിച്ചു.

വടയാർ ആലുങ്കൽ എക്‌സലന്റ് എൻട്രൻസ് കോച്ചിങ് സെന്റർ ഉടമ പ്രതാപചന്ദ്രനാണ് കൊടിക്കൂറകൾ സമർപ്പിച്ചത്.

രാവിലെ എട്ടിന്‌ ഉദയനാപുരംക്ഷേത്രത്തിലെ കൊടിമരത്തിന് മുന്നിൽ ഇലയിട്ട് ദീപം തെളിയിച്ച് കാർത്തിക ഉത്സവത്തിനുള്ള കൊടിക്കൂറ സമർപ്പിച്ചു. സബ്ഗ്രൂപ്പ് ഓഫീസർ രാഹുൽ രാധാകൃഷ്ണനും വാതക്കോട്ടില്ലത്ത് ശങ്കരൻ മൂസതും ചേർന്ന് കൊടിക്കൂറ ഏറ്റുവാങ്ങി.

തന്ത്രി മേക്കാട്ടില്ലത്ത് ചെറിയ മാധവൻ നമ്പൂതിരി, മേൽശാന്തിമാരായ ആഴാട് നാരായണൻ നമ്പൂതിരി, ഉമേഷ് നമ്പൂതിരി, ആനത്താനത്തില്ലത്ത് ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടത്തിയത്.തുടർന്ന് വൈക്കം മഹാദേവക്ഷേത്രത്തിൽ കൊടിമരത്തിന് മുന്നിൽ സമർപ്പിച്ച കൊടിക്കൂറ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. വിമൽകുമാർ, കിഴക്കേടത്ത് ശങ്കരൻ മൂസതും ചേർന്ന് ഏറ്റുവാങ്ങി.എൻ.എസ്.എസ്. യൂണിയൻ സെക്രട്ടറി അഖിൽ ആർ.നായർ, ശശി വളവത്ത്, ആലുങ്കൽ കുടുംബാംഗങ്ങളായ ഇന്ദിര രാമചന്ദ്രൻ, പ്രതാപചന്ദ്രൻ, വിദ്യാ പ്രതാപചന്ദ്രൻ, ജ്യോതി ചന്ദ്രൻ, കാർത്തിക് പ്രതാപ് എന്നിവർ പങ്കെടുത്തു.