ബസ്‌സ്റ്റാൻഡിലേക്ക് കയറാൻ പെടാപ്പാട്

കാഞ്ഞിരപ്പള്ളി ബസ്‍സ്റ്റാൻഡിലേക്ക് കയറുന്നഭാഗം തകർന്നിട്ട് ഒരുവർഷത്തോള മായിട്ടും നന്നാക്കുന്നില്ല

കാഞ്ഞിരപ്പള്ളി : ദേശീയപാതയിൽനിന്ന് ബസ്‌സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന റോഡ് തകർന്നിട്ട് ഒരു വർഷത്തോളമായിട്ടും നവീകരണത്തിന്‌ നടപടിയില്ല. ബസ്‌സ്റ്റാൻഡിലേക്കും പുത്തനങ്ങാടി ഭാഗത്തേക്കും പ്രവേശിക്കുന്നതിനുള്ള പ്രധാനറോഡാണ് തകർന്നുകിടക്കുന്നത്. പഞ്ചായത്താണ് റോഡ് നവീകരിക്കേണ്ടത്. ‘ഇപ്പ ശരിയാക്കാം’ എന്ന വാക്ക് മാത്രമാണ് റോഡിന്റെ കാര്യത്തിലുള്ള മറുപടി. ബസ്‍സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന മുഴുവൻ ബസുകളും പുത്തനങ്ങാടി, ബസ്‍സ്റ്റാൻഡ് ഭാഗത്തെ കടകളിലേക്കുള്ള ലോഡിറക്കുന്ന വാഹനങ്ങളും മറ്റ് യാത്രാവാഹനങ്ങളും കയറിയിറങ്ങുന്ന ഈ റോഡിലെ കുഴികൾ യാത്രക്കാരുടെ നടുവൊടിക്കുന്ന നിലയിലാണ്. ഇടുങ്ങിയ പ്രവേശനകവാടത്തിലേക്ക് വാഹനങ്ങൾ കയറിയിറങ്ങുന്നതിനുള്ള താമസം കാരണം ദേശീയപാതയിലെ കുരുക്കും നീളും.

മുൻപ് ഈ ഭാഗം നവീകരിച്ചപ്പോൾ കോൺക്രീറ്റിങ്ങിനു മുകളിലൂടെയാണ് ടാർ ചെയ്തത്. നിലവിൽ ടാറിങ്ങും അടിയിലെ കോൺക്രീറ്റിങ്ങും തകർന്നു കുഴികളായി. ത്രിതല പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പും എത്തിയത് റോഡിന്റെ നവീകരണത്തിന് ഫണ്ട് അനുവദിക്കുന്നതിന് വൈകിപ്പിച്ചു. ഈ റോഡിലെ ഓടയിലെ സ്ലാബ് മാറ്റി സ്ഥാപിക്കുന്നതിനായി റോഡ് നേരത്തെ അടച്ചിട്ടിരുന്നു. റോഡും കലുങ്കും ഒറ്റത്തവണയായി നിർമിക്കാമായിരുന്നിട്ടും റോഡിന്റെ നിർമാണം മാത്രം നടത്തിയില്ല.