എങ്ങനെ പൂട്ടും തെരുവുനായ്ക്കളെ?

കോട്ടയം : തെരുവിൽ എവിടെത്തിരിഞ്ഞാലും ഭീതിപടർത്തുന്ന നായ്ക്കൂ‌ട്ടങ്ങൾ. സ്‌കൂൾകുട്ടികൾക്കും വഴിയാത്രക്കാർക്കും പേടിയോടെയല്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. എന്നാൽ, തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടുപയോഗിച്ച് അഞ്ച് പുതിയ ആനിമൽ ബർത്ത് കൺട്രോൾ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് നാളുകൾ പിന്നിട്ടിട്ടും പ്രവർത്തനസജ്ജമായിട്ടില്ല.

ജില്ലയിലെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒരു എ.ബി.സി. സെന്റർ എങ്കിലും സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച അഞ്ചു കേന്ദ്രങ്ങളിൽ വാഴൂരിലും തലയോലപ്പറമ്പിലും നിർമാണം പുരോഗമിക്കുകയാണ്. ഇരുസ്ഥലങ്ങളിലും മൃഗസംരക്ഷണ വകുപ്പാണ് സ്ഥലം വിട്ടുനൽകിയത്. പാലായിൽ പോർട്ടബിൾ സെന്റർ ആയിരുന്നു നിർദേശിച്ചിരുന്നതെങ്കിലും പ്രളയസാധ്യതയുള്ള പ്രദേശമായതിനാൽ കേന്ദ്രം മാഞ്ഞൂരിലേക്ക് മാറ്റാൻ തീരുമാനിച്ചിരിക്കുകയാണ്. വാകത്താനം, ഉദയനാപുരം മേഖലകളിൽ ഷെൽട്ടർ ഹോമുകൾ നിർമിക്കുന്നതിനെതിരേ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഓരോ ബ്ലോക്ക് പഞ്ചായത്തിലും ഓരോ എ.ബി.സി. സെന്റർ എന്ന ആശയം സാമ്പത്തികപരിമിതികൾ കാരണം നടക്കാതെ പോയി. ഓരോ തദ്ദേശസ്ഥാപനവും പദ്ധതിവിഹിതത്തിൽനിന്ന് ഒൻപതുമുതൽ 13 ലക്ഷം രൂപ വരെ ഇതിന് വകയിരുത്തണമെന്നാണ് ജില്ലാ പ്ലാനിങ് സമിതി നിർദേശിച്ചിരുന്നത്. ഒരു എ.ബി.സി. സെന്റർ നിർമിക്കുന്നതിന് 1.10 കോടിയുടെ രൂപയുടെ ചെലവുണ്ട്. നിലവിൽ കോടിമതയിൽ പ്രവർത്തിക്കുന്ന എ.ബി.സി. സെന്ററാണ് ഏക ആശ്രയം. പ്രതിദിനം 60 മുതൽ 70 വരെ നായ്‌ക്കളുടെ വന്ധ്യംകരണമാണിവിടെ നടക്കുന്നത്.