പ്രിയപ്പെട്ട വിനുവിന്, കൂട്ടുകാരൻ ടോമി എഴുതുന്നു...

ചങ്ങനാശ്ശേരി : ‘പ്രിയപ്പെട്ട വിനുവിന് ​സ്നേഹപൂർവം കൂട്ടുകാരൻ ടോമി എഴുതുന്നു’ ലഹരിവിരുദ്ധസന്ദേശവുമായി ചങ്ങനാശ്ശേരി എസ്.ബി. സ്‌കൂളിൽനിന്ന് ടോമി എന്ന കൂട്ടുകാരൻ പായിപ്പാട് സെയ്ന്റ് ജോസഫ്‌സ് എച്ച്.എസിലെ വിനുവിന് കത്തെഴുതി നൽകി. ഓപ്പറേഷൻ തൂഫാനുമായി സഹകരിച്ച് ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്‌ കീഴിലുള്ള സ്‌കൂളുകളിലെ വിദ്യാർഥികൾ ലഹരിവിരുദ്ധ സന്ദേശവുമായി പരസ്പരം കത്തുകൾ എഴുതുന്ന പദ്ധതിയുടെ ഉദ്ഘാടനമായിരുന്നു വേദി.

ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ തന്റെ കുട്ടിക്കാലത്തെ വിളിപ്പേരായ ‘ടോമി’ എന്നപേരിലാണ് എം.എൽ.എ. വിനു ജോബിന്‌ കത്ത് കൈമാറിയത്. പായിപ്പാട് സ്‌കൂളിൽ പഠിക്കുന്ന വിനുവിന് കത്തെഴുതുന്നുവെന്ന ആശയത്തിലാണ് ആർച്ച് ബിഷപ്പ് കത്ത് കൈമാറിയത്.

ലഹരിവിരുദ്ധ സന്ദേശവുമായി അതിരൂപതാ കോർപ്പറേറ്റ്‌ മാനേജ്മെന്റിനുകീഴിലെ 64 സ്‌കൂളുകളിലെ 23,000 കുട്ടികളാണ് ഇതുപോലെ കത്തുകളെഴുതുന്നത്. തപാൽവകുപ്പിന്റെകൂടി സഹകരണത്തോടെ 30-ന് സ്‌കൂളിൽ പരിപാടി നടക്കും. ഓരോ സ്‌കൂളിൽനിന്ന്‌ മറ്റു സ്‌കൂളുകളിലെ വിദ്യാർഥികൾക്കാണ് കത്തെഴുതുന്നത്. വ്യത്യസ്തമായ രീതിയിൽ സംഘടിപ്പിക്കുന്ന ഈ ലഹരിവിരുദ്ധ പരിപാടി മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് വിനു ജോബ് എം.എൽ.എ. പറഞ്ഞു. വികാരി ജനറൽ മോൺ. സ്‌കറിയ കന്യാകോണിൽ അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജർ ഫാ. ഡോ.ആന്റണി മൂലയിൽ, കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ. സെബു ജോൺസൺ പാലയ്ക്കൽ എന്നിവർ സംസാരിച്ചു.