പൂർത്തിയായാൽ ഉഷാറാകും; ഇതിലേയുള്ള യാത്രകൾ...

ഗുരുമന്ദിരം-നെത്തല്ലൂർ,നെടുംകുന്നം-മാന്തുരുത്തി റോഡുകളിൽ ടാറിങ് പുരോഗമിക്കുന്നു

കറുകച്ചാൽ/നെടുംകുന്നം : നാടിന്റെ മുഖച്ഛായ മാറുന്ന രണ്ട് പ്രധാന റോഡുകളാണ് മേഖലയിൽ ആധുനികനിലവാരത്തിൽ നിർമിക്കുന്നത്. നാലുകോടി രൂപ മുടക്കി കറുകച്ചാൽ- നെത്തല്ലൂർ കുരിശുകവല റോഡും, 4.69 കോടി രൂപയ്ക്ക് നെടുംകുന്നം-മാന്തുരുത്തി റോഡിന്റെ നിർമാണവും പുരോഗമിക്കുന്നു. തുക അനുവദിച്ചിട്ടും വർഷങ്ങളോളം ചുവപ്പുനാടയിൽ കുരുങ്ങി നിർമാണം തടസ്സപ്പെട്ടുകിടന്ന റോഡുകളുടെ നിർമാണം പുരോഗമിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് നാട്ടുകാരും. കാലാവസ്ഥ അനുകൂലമായാൽ എത്രയുംവേഗം നിർമാണം പൂർത്തിയാക്കുമെന്നാണ് പി.ഡബ്ല്യു.ഡി. അധികൃതർ പറയുന്നത്.

കുരുക്കഴിയുമെന്ന പ്രതീക്ഷയിൽ

കറുകച്ചാൽ ഗുരുമന്ദിരം- ബംഗ്ലാംകുന്ന്- നെത്തല്ലൂർ കുരിശുകവല വരെയുള്ള 1.8 കിലോമീറ്റർ റോഡാണ് വീതികൂട്ടി ബി.എം.ബി.സി. നിലവാരത്തിൽ നവീകരിക്കുന്നത്. കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് കറുകച്ചാലിലെ തിരക്ക് ഒഴിവാക്കി ബംഗ്ലാംകുന്ന് വഴി എളുപ്പത്തിൽ നെത്തല്ലൂർ കുരിശുകവലയിലെത്താം. മിനി ബൈപ്പാസിന് സമാനമായതിനാൽ വാഴൂർ റോഡിൽ നെത്തല്ലൂർവരെയുള്ള ഭാഗത്തെ തിരക്ക് ഒഴിവാക്കാം. എങ്കിലും നിർമാണം പൂർത്തിയാകുന്നതോടെ ഗുരുമന്ദിരം ഭാഗത്ത് തിരക്കുകൂടുമോ എന്ന ആശങ്കയും അധികൃതർക്കുണ്ട്. ബംഗ്ലാംകുന്ന് ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾക്ക് വാഴൂർ റോഡിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടുണ്ടാകും. ഈ ഭാഗത്ത് വീതികൂട്ടി നിർമിക്കുന്നതിനും പരിമിതിയുണ്ട്. ജലവകുപ്പിന്റെ പൈപ്പിടാൻ വൈകിയതിനാലാണ് രണ്ടുവർഷത്തോളം നിർമാണം തടസ്സപ്പെട്ടത്.

കാത്തിരിപ്പിനൊടുവിൽ

പൂർണമായി തകർന്നിട്ട് അറ്റകുറ്റപ്പണിപോലും നടത്താതെ അഞ്ച് വർഷത്തോളം കിടന്ന റോഡാണ് നെടുംകുന്നം- മാന്തുരുത്തി. തുക അനുവദിച്ച് പലവട്ടം ടെൻഡർ ചെയ്തിട്ടും നിർമാണം ആരംഭിക്കാനായില്ല. നെടുംകുന്നത്തുനിന്ന്‌ മാന്തുരുത്തിയിലെത്താനുള്ള ഏറ്റവും സുഗമമായ റോഡ്. രണ്ടുവർഷം മുൻപ് നാലുകോടി രൂപയ്ക്ക് ടെൻഡർ ചെയ്തിട്ടും പൈപ്പിട്ട് തീരാത്തതിനാൽ നിർമാണം നടന്നില്ല. രണ്ടാമതായി 69 ലക്ഷം രൂപ കൂടി അധികമായി അനുവദിച്ചാണ് വീണ്ടും ടെൻഡർ ചെയ്തത്. ടെൻഡർ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നിർമാണം തുടങ്ങാൻ വൈകിയതിനാൽ വലിയ പ്രതിഷേധങ്ങൾക്കും വഴിയൊരുക്കി. ഇപ്പോൾ റോഡ് നിരപ്പാക്കി മെറ്റൽ വിരിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഒന്നരമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്.