വാഴൂർ ഗവ.ഹൈസ്‌കൂളിന്റെ മതിൽ അപകടാവസ്ഥയിൽത്തന്നെ

വാഴൂർ : ഗവ.ഹൈസ്‌കൂളിന്റെ ചുറ്റുമതിൽ അപകടാവസ്ഥയിലായിട്ട് രണ്ട് വർഷം. മതിൽ പൊളിച്ച് പുനർനിർമിക്കണമെന്ന ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടില്ല.
എട്ടടിയോളം ഉയരമുള്ള മതിൽ 20 അടിയോളം നീളത്തിലാണ് വിണ്ടുകീറി നിൽക്കുന്നത്. ഏകദേശം അഞ്ച് ഇഞ്ചോളം വീതിയുമുണ്ട് വിള്ളലിന്.ജില്ലാപഞ്ചായത്ത് അധികൃതർ അടുത്തിടെ സ്‌കൂൾ സന്ദർശിച്ചിരുന്നു. മതിലിന്റെ പ്രശ്‌നം ഇവരെ ധരിപ്പിച്ചെങ്കിലും ആവശ്യത്തിന് ഫണ്ടില്ലെന്നാണ് അറിയിച്ചത്. ഒന്നുമുതൽ 10 വരെ നൂറുകണക്കിന് വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.സ്‌കൂളിന്റെ മുറ്റത്ത് നിൽക്കുന്ന മരത്തിന്റെ വേരുകൾ മതിലിനടിയിലേക്ക് വളർന്നിറങ്ങിയതാണ് വിള്ളലിന് കാരണം.
മതിൽ വീണാൽ സമീപത്തെ കവാടവും തകർന്ന് വീഴാൻ സാധ്യതയുണ്ട്.