പിതൃകുന്നം ക്ഷേത്രത്തിനടുത്ത് കലുങ്കുപണി; അഷ്ടമിക്കാലത്തെ കുരുക്കുമോ ?

വൈക്കം : അഷ്ടമിക്കാലത്തെ കലുങ്ക് നിർമാണം വാഹനയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. വൈക്കം-എറണാകുളം റോഡിൽ പിതൃകുന്നം ക്ഷേത്രത്തിന് സമീപമാണ് കലുങ്ക് പണി നടക്കുന്നത്. ഇതുകാരണം ഒരുവശത്തുകൂടിയാണ് ഗതാഗതമുള്ളത്.
അഷ്ടമിക്കാലമായതോടെ റോഡിൽ വലിയതിരക്കാണ്. രാവിലെയും വൈകീട്ടും പലപ്പോഴും ഗതാഗതം കുരുങ്ങും. അഷ്ടമിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് നിർമാണം നീട്ടിവെക്കേണ്ടതായിരുന്നെന്നാണ് യാത്രക്കാർ പറയുന്നത്. ഉദയനാപുരത്തുനിന്ന് നേരേകടവിലേക്കുള്ള റോഡ് തുടങ്ങുന്ന ഭാഗത്ത് കലുങ്ക് പൂർത്തിയായിട്ടുണ്ട്. എന്നാൽ, റോഡ് പഴയപടിയാക്കാത്തതിനാൽ കലുങ്കും പ്രധാനറോഡും ഉയരവ്യത്യാസമുണ്ട്.
മെറ്റലിളകി കിടക്കുന്ന ഈ ഭാഗത്ത് ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപ്പെടുന്നതും പതിവാണ്. എട്ട് കോടി രൂപ വിനിയോഗിച്ച് പൂത്തോട്ട-വൈക്കം റോഡ് ബി.എം.ബി.സി. നിലവാരത്തിൽ ഉന്നതനിലവാരത്തിലാക്കുന്നതിന് മുന്നോടിയായാണ് കലുങ്കുകളും ഓടകളും നിർമിക്കുന്നത്.