ശ്രീനാരായണഗുരുദേവൻവേദഭാഷ അറിഞ്ഞ ഋഷീശ്വരൻ - ഡോ. സച്ചിദാനന്ദസ്വാമി

വൈക്കം : ശ്രീനാരായണഗുരു കൽപ്പകവൃക്ഷ കനിയാണെന്നും അതിലെ ജീവനാംശം ശ്രീനാരായണീയ വിഭാഗങ്ങൾ സ്വായത്തമാക്കണമെന്നും ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് ഡോ.സച്ചിദാനന്ദസ്വാമി പറഞ്ഞു. ഗുരുദേവൻ വേദഭാഷ അറിഞ്ഞ ഋഷീശ്വരൻ ആണെന്നും ആ മഹത്ത്വം ഓരോ ശ്രീനാരായണീയരും ഉൾക്കൊള്ളണമെന്നും സച്ചിദാനന്ദസ്വാമി പറഞ്ഞു.

ശ്രീനാരായണധർമസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ വൈക്കം ഉദയനാപുരം ശ്രീനാരായണകേന്ദ്രത്തിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന 444-ാമത് ശ്രീ നാരായണ ദിവ്യപ്രബോധനവും ധ്യാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശ്രമം കാര്യദർശി ആര്യാനന്ദാദേവി, ചെയർമാൻ പി.എസ്. ബാബുറാം, ജനറൽ കൺവീനർ ആനന്ദ്് കെ. ഉദയൻ, ചീഫ് കോഡിനേറ്റർ പി. കമലാസനൻ, വൈസ് ചെയർമാൻ വിനോ ഭായ്, ജോയിന്റ് കൺവീനർ ശിവപ്രസാദ്, സരള രാഘവൻ, ഷീലകുമാരി, സുന്ദരൻ പൗർണമി, കെ.എസ്. ഹരിദാസ്, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു എന്നിവർ പ്രസംഗിച്ചു. ദേശീയപുരസ്‌കാര ജേതാവ് ഗായിക ഡോ. വൈക്കം വിജയലക്ഷ്മിയെ സമ്മേളനവേദിയിൽ ആദരിച്ചു.