കയറുത്പന്ന മാലിന്യം ഉപയോഗിച്ച് നികത്തുന്നു

1250 ഏക്കർ നെൽപ്പാടം
ആർപ്പൂക്കര : കയറുത്പന്ന മാലിന്യം ഉപയോഗിച്ച് നെൽപ്പാടങ്ങൾ നികത്തുന്നു. കോട്ടയം ആർപ്പൂക്കര പഞ്ചായത്തിലെ ഒന്നാം വാർഡ് കേന്ദ്രീകരിച്ച് ചീപ്പുങ്കൽ-മണിയാപറമ്പ് റോഡിന്റെ ഇരുവശങ്ങളിലെയും പാടശേഖരങ്ങളാണ് നികത്തുന്നത്. 1250 ഏക്കർ പാടശേഖരമാണ് നശിക്കുന്നത്. കേളക്കരി വട്ടക്കായൽ (300 ഏക്കർ), മഞ്ചാടിക്കരി പുത്തൻകരി(302), കണ്ടമുണ്ടാകരി (101), പായ് വെട്ട് മേയ്ക്കരി (150), ചൂരത്തറ (400) എന്നീ പാടശേഖരങ്ങളും സമീപത്തുള്ള ജലാശയങ്ങളും മാലിന്യത്താൽ നശിക്കുമെന്നാണ് ആശങ്ക. കുമരകം ടൂറിസം കേന്ദ്രത്തിന്റെ ഭാഗമായ ചീപ്പുങ്കൽ കവണാറ്റിൻകര പ്രദേശങ്ങളിലും കയറുല്പന്ന മാലിന്യം തള്ളുന്നുണ്ട്.
ആലപ്പുഴജില്ലയിൽ നിർമിക്കുന്ന കയറുല്പന്ന അവശിഷ്ടങ്ങളാണ് നികത്തലിന് ഉപയോഗിക്കുന്നത്. സംസ്കരിച്ച കയർ, റബ്ബർ, പ്ലാസ്റ്റിക്, രാസപദാർഥങ്ങൾ എന്നിവയുള്ള പ്രകൃതിക്് ദോഷമാകുന്ന മാലിന്യമാണ് തള്ളുന്നത്. കൃഷി-വില്ലേജ് ഓഫീസർമാരുമായി ബന്ധപ്പെട്ട് അടിയന്തരനടപടി സ്വീകരിക്കുമെന്ന് വാർഡ് അംഗം ആന്റണി അറയിൽ പറഞ്ഞു.
ആർ.ഡി.ഒ.യെ അറിയിച്ചിരുന്നു
ആർ.ഡി.ഒ.യെ വിവരം അറിയിച്ചിരുന്നു. എന്നാൽ, പരിശോധനയ്ക്ക് ചെല്ലുമ്പോൾ നികത്തൽ വസ്തുക്കൾ കൊണ്ടുവരുന്ന വാഹനം കാണാറില്ല. അതുകൊണ്ട് ഇതുവരെ ഒന്നും ചെയ്യാനായില്ല. കൃഷിഭൂമി ഉടമകൾക്ക് സ്റ്റോപ്പ് മെമ്മോ കൊടുക്കും.
- എം.എച്ച്. അൻസാർ, വില്ലേജ് ഓഫീസർ ആർപ്പൂക്കര
കൃഷിയെ ബാധിക്കുമെന്ന് ആശങ്കകൃഷി ഓഫീസറെ അറിയിച്ചു
നികത്തൽ കൃഷിയെ പ്രതികൂലമായി ബാധിക്കും. കൃഷിയിടങ്ങൾ നികത്തുന്ന വിവരം കൃഷി ഓഫീസറെ അറിയിച്ചിട്ടുണ്ട്. കളക്ടർക്ക് പരാതി കൊടുക്കും.
- വി.എസ്. ശ്രീനിവാസൻ (കേളക്കരി വട്ടക്കായൽ പാടശേഖരസമിതി സെക്രട്ടറി)
ആർ.ഡി.ഒ. യ്ക്ക് റിപ്പോർട്ട് നൽകി
നികത്തൽ സംബന്ധിച്ച് ഏകദേശം രണ്ടുമാസം മുമ്പ് ആർ.ഡി.ഒ.യ്ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മറുപടി ലഭിച്ചില്ല. നികത്തലിന് ഉപയോഗിക്കുന്ന കയറുല്പന്ന മാലിന്യത്തിന്റെ ദോഷവശങ്ങൾ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.
- ശിഖ രാജു, കൃഷിഓഫീസർ ആർപ്പൂക്കര