നെഹ്റു സ്റ്റേഡിയത്തിന്‌ കിക്കോഫ്‌

#ആതിര പ്രകാശ്‌

കോട്ടയം: മത്സരാവേശത്തിലേക്ക്‌ വീണ്ടും നാഗമ്പടം നെഹ്റു സ്റ്റേഡിയം. 2013-ലെ സംസ്ഥാന സീനിയർ പുരുഷ ഫുട്ബോൾ മത്സരത്തിനുശേഷമാണ്‌ മത്സരം നടക്കുന്നത്‌. ഡിസംബർ 10 മുതൽ 17 വരെ സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് നെഹ്‌റു സ്റ്റേഡിയം വേദിയാകും.

വർഷങ്ങളായി കാടുമൂടിയും ഉപയോഗശൂന്യമായും കിടന്ന ഗ്രൗണ്ട്‌ ഇപ്പോൾ നന്നാക്കുകയാണ്‌. മൈതാനത്തെ പുല്ല് വെട്ടിമാറ്റിയും കുഴികൾ മണ്ണിട്ടുമൂടി നിലം നിരപ്പാക്കിയും നവീകരണം പുരോഗമിക്കുന്നു. കൂടാതെ, ഗാലറികളും പവിലിയനും ശുചീകരിക്കുന്ന ജോലികളും വേഗത്തിൽ നടക്കുന്നുണ്ട്. സ്റ്റേഡിയത്തിനുള്ളിലെ ശൗചാലയത്തിന്റെ അറ്റകുറ്റപ്പണികളും നടക്കാനുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ എല്ലാ ജോലികളും പൂർത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

# ചാമ്പ്യൻഷിപ്പും മത്സരക്രമവും

കോട്ടയം മുനിസിപ്പൽ കൗൺസിലും ജില്ലാ ഫുട്ബോൾ അസോസിയേഷനും സംയുക്തമായാണ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. എട്ടുദിവസങ്ങളിലായി 14 ജില്ലകളിൽനിന്നുമുള്ള ടീമുകൾ മാറ്റുരയ്ക്കും. ദിവസേന രാവിലെ 7.30നും വൈകീട്ട് 4.45-നുമായി രണ്ട് മത്സരങ്ങളുണ്ട്‌. കേരള ടീമിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കും.

ഒൻപതേക്കർ വിസ്തൃതിയിലുള്ള സ്റ്റേഡിയത്തിൽ ആറര ഏക്കർ വിസ്തൃതിയിലുള്ള അകത്തളവും മൂന്ന് വശങ്ങളിലായി ഏകദേശം 18,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഗാലറിയുമുണ്ട്. പരിപാലനമില്ലാതെ കിടന്നതിനാൽ മഴപെയ്താൽ വെള്ളം കെട്ടിക്കിടക്കുന്നതും ഒരാൾ ഉയരത്തിൽ പുല്ലുവളർന്നതും കായികപ്രേമികളെ ഏറെ നിരാശപ്പെടുത്തിയിരുന്നു.

13 വർഷത്തിന്‌ ശേഷം പ്രധാന മത്സരംവികസനം പൂർത്തിയാക്കും

ഫണ്ട് വരുന്ന മുറയ്ക്ക് വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തത്‌കാലം കളിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളും പവിലിയൻ നവീകരണവുമാണ് നഗരസഭയും സ്പോർട്സ് അസോസിയേഷനും ചേർന്ന് പ്രധാനമായും ചെയ്യുന്നത്.

- എം.പി. സന്തോഷ് കുമാർ,

കോട്ടയം നഗരസഭാ ചെയർമാൻ സ്റ്റേഡിയം പരിപാലിക്കണം

കഴിഞ്ഞ സീനിയർ പുരുഷ ഫുട്ബോൾ ടൂർണമെന്റ്‌ പാലായിലെ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് നടത്തിയത്. താമസത്തിനും മറ്റ്‌ സൗകര്യങ്ങൾക്കുമായി ഇരട്ടിപ്പണം മുടക്കേണ്ടിവന്നു. സ്റ്റേഡിയം കൃത്യമായ നവീകരണങ്ങൾ നടത്തി കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കണം.

- എസ്. അച്ചു,

(കേരള ഫുട്ബോൾ അസോസിയേഷൻ, കേരള സ്പോർട്സ് കൗൺസിൽ അംഗം)

​