വളവ് നിവർക്കില്ല, സുരക്ഷയെങ്കിലും വേണം

എരുമേലി : നാട്ടുകാർ പരാതിപറഞ്ഞ് മടുത്ത പാതയിൽ ഇന്നും പ്രശ്നത്തിന് പരിഹാരമില്ല. എരുമേലി ധർമശാസ്താ ക്ഷേത്രത്തിന്റെ പിന്നിലൂടെ പോകുന്ന സമാന്തരപാതയാണ് സുരക്ഷയില്ലാതെ അപകട സാധ്യതയിൽ. നാട്ടുകാർ ഒട്ടേറെ തവണയായി പരാതി പറയുന്നു. അപകടവളവിൽ സുരക്ഷ ഒരുക്കണമെന്ന്. വളവ് നിവർക്കാൻ സ്ഥലമേറ്റെടുക്കേണ്ടി വരും. അതൊന്നും വേണ്ടാ, ഒരുസുരക്ഷാ കണ്ണാടി സ്ഥാപിച്ചാൽ പ്രശ്‌നത്തിന് പരിഹാരമാകും. എന്നിട്ടും പൊതുമരാമത്ത് വകുപ്പിന് അനക്കമില്ല. സ്ഥലം എം.എൽ.എ.യുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ല. പാതയിലൂടനീളം അപകടസാധ്യതാ മുന്നറിയിപ്പ് ഇല്ല. റോഡിന്റെ ഒരുവശത്ത് താഴ്ചയിൽ നിരവധി വീടുണ്ട്. ക്രാഷ് ബാരിയറില്ലാത്തതിനാൽ ഭീതിയിലാണ് ഇവരുടെ ജീവിതം. രണ്ട് വർഷം മുമ്പ് ബി.എം.ബി.സി. നിലവാരത്തിൽ നിർമിച്ച പാതയ്ക്ക് ചെലവ് അഞ്ച് കോടിയിൽപ്പരം രൂപ. എരുമേലി-കാഞ്ഞിരപ്പള്ളി, എരുമേലി-റാന്നി സംസ്ഥാന പാതകളെ എരുമേലി ടൗണിലെത്താതെ ബന്ധിപ്പിക്കുന്ന കുറുവാമൂഴി-എരുമേലി-ഓരുങ്കൽ-കരിമ്പിൻതോട് സമാന്തരപാത. 6.700 കി.മീ. ദൂരം. പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രധാന ജില്ലാ പാത. എരുമേലി ടൗണിലെത്താതെ ധർമശാസ്താക്ഷേത്രത്തിന് പിന്നിലൂടെയാണ് പാത കടന്നുപോകുന്നത്. ക്ഷേത്രാങ്കണത്തിലേക്കുള്ള വഴികൂടിയാണ് ഇവിടം. വളവിന്റെ ഇരുഭാഗത്തേയ്ക്കും വഴിയുണ്ട്. വാഹനങ്ങൾ അടുത്തെത്തിയാലെ കാണൂ.
ഒട്ടേറെ അപകടങ്ങൾക്ക് കാരണമായ വളവ്. തീർഥാടനകാലത്താണ് പ്രതിസന്ധി രൂക്ഷം. എരുമേലി ധർമശാസ്താക്ഷേത്രത്തിന് സമീപം പുതിയതായി നിർമിച്ച തീർഥാടക വിശ്രമകേന്ദ്രത്തിലേക്കുള്ള കവാടവും ഈ വളവിലാണ്. റോഡ് നിർമാണം പൂർത്തിയായിട്ട് രണ്ട് തീർഥാടനകാലം കഴിഞ്ഞിട്ടും, നാട്ടുകാർ പരാതി അറിയിച്ചിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.