കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ ഇടപെടൽ ചങ്ങനാശ്ശേരിക്ക് ആശ്വസിക്കാം

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി പോസ്റ്റൽ ഡിവിഷൻ കോട്ടയം പോസ്റ്റൽ ഡിവിഷനുമായി ലയിപ്പിക്കാനുള്ള തീരുമാനം പോസ്റ്റൽ മന്ത്രാലയം റദ്ദാക്കിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ എം.പി. ന്യൂഡൽഹിയിൽ നേരിൽ സന്ദർശിച്ച് ചങ്ങനാശ്ശേരി പോസ്റ്റൽ ഡിവിഷൻ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

ചങ്ങനാശ്ശേരിയുടെ പ്രാധാന്യവും നിലവിലുള്ള തപാൽ സംവിധാനത്തിന്റെ പ്രസക്തിയും വിശദീകരിച്ച എം.പി., ഡിവിഷൻ നിലനിർത്തുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ കേരള പോസ്റ്റൽ സർക്കിൾ ആസ്ഥാനത്ത് പോസ്റ്റൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

ലയനനീക്കവുമായി ബന്ധപ്പെട്ട ആശങ്കകൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചങ്ങനാശ്ശേരി പോസ്റ്റൽ ഡിവിഷൻ നിലവിലുള്ള രീതിയിൽ തുടരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയും ചെയ്തു. ഈ ചർച്ചകളെത്തുടർന്ന് വിഷയത്തിൽ അന്തിമ തീരുമാനത്തിലെത്തുകയും ഡിവിഷൻ ലയിപ്പിക്കാനുള്ള തീരുമാനം റദ്ദാക്കുകയും ചെയ്തതായി എം.പി. അറിയിച്ചു. ചങ്ങനാശ്ശേരി വാഴപ്പള്ളിയിൽ പുതുതായി നിർമിച്ച വാഴപ്പള്ളി പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനവും താമസിയാതെ നടത്തുമെന്ന് എം.പി. അറിയിച്ചു. പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.