അപകടമായി മരംമുറി

ക്രെയിൻ ഒടിഞ്ഞ് മരക്കൊമ്പ് റോഡിൽ വീണു; കെട്ടിടങ്ങൾക്കും നാശം

കോട്ടയം : വഴിയോരത്തെ തണൽമരം മുറിക്കുന്നതിനിടെ ക്രെയിൻ ഒടിഞ്ഞുവീണതിനെതുടർന്ന് കൂറ്റൻചില്ല വഴിയിൽവീണു. അപകടത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും നാശമുണ്ടായി. എം.സി.റോഡിൽ ചവിട്ടുവരിക്കവലയിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ഇവിടെനിന്നിരുന്ന കൂറ്റൻ തണൽമരം ദിവസങ്ങളായി മുറിച്ചുകൊണ്ടിരിക്കുകയാണ്. ചില്ലകൾ ഇറക്കിയശേഷം വലിയചില്ല മുറിച്ച് ക്രെയിൻ ഉപയോഗിച്ച് തൂക്കിയിറക്കാനുള്ള ശ്രമത്തിനിടെ ക്രെയിന്റെ ‘വൂം’(ഭാരം ഉയർത്തുന്ന ഭാഗം) ഒടിഞ്ഞ് വഴിയിലേക്കും സമീപത്തെ കെട്ടിടങ്ങളുടെ മുകളിലേക്കും വീഴുകയായിരുന്നു. ഇവിടെയുണ്ടായിരുന്നു എ.ടി.എം സെന്റർ, വ്യാപാരസ്ഥാപനം, കെട്ടിടത്തിന്റെ മേൽക്കൂര, തട്ടുകട എന്നിവയ്ക്കും സൂര്യകാലടി മഹാഗണപതിക്ഷേത്രത്തിന്റെ ആർച്ച് എന്നിവയ്ക്കും നാശമുണ്ടായി. മരം മുറിക്കുന്നതിന്റെ ഭാഗമായി ചവിട്ടുവരി-പാറമ്പുഴ റോഡിൽ നേരത്തെ ഗതാഗതം നിരോധിച്ചിരുന്നു. ചവിട്ടുവരി കവലയിൽ പാറമ്പുഴ റോഡിന്റെ തുടക്കത്തിലായിരുന്നു തണൽമരം നിന്നിരുന്നത്. നാട്ടുകാരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ അപകടകരമെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററാണ് മരം മുറിക്കാൻ ഉത്തരവിട്ടത്. തുടർന്നാണ് കഴിഞ്ഞദിവസം മരം മുറിക്കൽ തുടങ്ങിയത്. ഇതിനായി രണ്ട് ദിവസമായി എം.സി. റോഡിൽ നാഗമ്പടത്തിനും കുമാരനല്ലൂരിനുമിടയിൽ വലിയ ഗതാഗതക്കുരുക്കാണ്.