നേരേകടവിൽ വരണം വള്ളക്കടവ്

വൈക്കം : മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ വള്ളക്കടവ് വേണമെന്ന നേരേകടവിലെ മത്സ്യത്തൊഴിലാളികളുടെ ആവശ്യം ഇനിയും നടപ്പായില്ല. നിലവിൽ ഇവിടെ പുതിയതായി നിർമിച്ചിരിക്കുന്ന നേരേകടവ്-മാക്കേക്കടവ് പാലത്തിന് വടക്കുഭാഗത്തായി വേമ്പനാട്ട് കായലിന്റെ തീരത്ത് വള്ളക്കടവ് നിർമിക്കാനാണ് പദ്ധതിയുണ്ടായിരുന്നത്. ഇതിനായി പത്ത് ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന് വകയിരുത്തുകയുംചെയ്തിരുന്നു.
എന്നാൽ വള്ളക്കടവ് നിർമാണത്തിനെതിരേ ചിലർ നൽകിയ പരാതിയാണ് പദ്ധതി തടസ്സപ്പെടാൻ കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. 350-ൽ അധികം മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് നേരേകടവ് മേഖലയിലുള്ളത്. ഭൂരിഭാഗംപേരും കായൽതീരത്ത് മത്സ്യബന്ധനം നടത്തിയാണ് ഉപജീവനം നടത്തുന്നത്.
110-മീറ്റർ നീളത്തിൽ 12-മീറ്റർ വീതിയിലുമായി സി മാതൃകയിലാണ് വള്ളക്കടവ് നിർമിക്കുക. മത്സ്യബന്ധനത്തിനു ശേഷം തിരികെയെത്തുന്നവർക്ക് മത്സ്യങ്ങൾ കരയ്‌ക്കെത്തിക്കാനും വല കഴുകാനുമെല്ലാം ഇവിടെ സാധിക്കുമായിരുന്നു. അതിലുപരിയായി സുരക്ഷിതമായി വള്ളങ്ങൾ ഇവിടെ സൂക്ഷിക്കാനും കഴിഞ്ഞേനെ.
നിലവിലെ പ്രതിസന്ധി
നിലവിൽ മത്സ്യത്തൊഴിലാളികൾ പാമ്പിഴഞ്ഞാൽ തോട്ടിലാണ് വള്ളങ്ങൾ കെട്ടിയിടുന്നത്. തോട് നിറയെ പോളയും പായലും തിങ്ങിക്കിടക്കുന്നതു കാരണം വള്ളങ്ങൾ തോട്ടിലേക്ക് പ്രവേശിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നു. തൊഴിലാളികൾ തോട്ടിലിറങ്ങി വലിച്ചാണ് വള്ളങ്ങൾ തോട്ടിലേക്ക് കയറ്റുന്നതും ഇറക്കുന്നതും. നേരേകടവ്-മാക്കേക്കടവ് പാലം തുറക്കുന്നതോടെ റോഡിന് വീതികൂടുകയും വാഹനപ്പെരുപ്പം ഉണ്ടാവുകയും ചെയ്യുന്നതോടെ ഇവിടെ വള്ളം കെട്ടിയിടാനോ ചരക്കിറക്കാനോ കഴിയാത്ത അവസ്ഥയുണ്ടാകുമെന്ന് മത്സ്യത്തൊഴിലാളിയായ എസ്. ജിഥിൻനാഥ് പറഞ്ഞു.