സിഗ്‌നൽ മാറ്റണം

കുറിച്ചി : എം.സി. റോഡിൽ കുറിച്ചി ഔട്ട് പോസ്റ്റ് കവലയിൽ ഏർപ്പെടുത്തിയ സിഗ്നലിൽപ്പെട്ട് കുടുങ്ങി കിടക്കുന്നത് ഒട്ടേറെ വാഹനങ്ങൾ. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കോട്ടയത്തേയ്ക്ക് വരുന്ന ഭാഗത്താണ് കൂടുതൽ പ്രശ്നം. ഇവിടം കടക്കാൻ വാഹനങ്ങളുടെ നിര മിക്കപ്പോഴും അഞ്ചൽകുറ്റി വരെ നീളാറുണ്ട്.

തിരക്കേറിയ രാവിലെയും വൈകുന്നേരവുമാണ് ഗതാഗതക്കുരുക്ക് ഏറുന്നത്. നീലംപേരൂർ ഭാഗത്തേയ്ക്ക് തിരിയുന്ന വാഹനങ്ങൾക്കുവേണ്ടിയാണ് ഈ ഭാഗത്ത് എം.സി. റോഡ് നവീകരണത്തിനുശേഷം ലൈറ്റുകൾ പിടിപ്പിച്ചത്. സിഗ്നൽ സംവിധാനത്തിലെ സമയക്രമീകരണം മാറ്റിയാൽ പ്രശ്നം പരിഹരിക്കാം.

കോട്ടയം ഭാഗത്തുനിന്നും ചങ്ങനാശ്ശേരി ഭാഗത്തേയ്ക്കു പോകുന്ന വഴിയിൽ ഗതാഗതത്തിരക്കില്ല.

ഗതാഗതക്കുരുക്ക് കാൽനടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഏറെനാളത്തെ വിമർശനത്തിനുശേഷം അടുത്തിടെ കുറിച്ചി മന്ദിരം കവലയ്ക്കും ഔട്ട് പോസ്റ്റിനും ഇടയിലുള്ള ഭാഗത്തെ കാടുകയറിയ നടപ്പാതകൾ തെളിച്ച് സൗന്ദര്യവത്കരണം നടത്തിയിരുന്നു.