സൈക്കിൾ ബെല്ലിന്റെ ശബ്ദമില്ല; പി.കെ. ശിവദാസൻ ഇനി ഓർമ്മത്താളുകളിൽ

വൈക്കം : കഴിഞ്ഞ 66 വർഷമായി കുലശേഖരമംഗലം, ചെമ്പ്, ഇത്തിപ്പുഴ, ചെമ്മനാകരി പ്രദേശങ്ങളിലെ നാട്ടിടവഴികളിൽ വാർത്തകളറിയാൻ കാത്തിരുന്നവർക്ക് മുമ്പിലേക്ക് സൈക്കിളിലെത്തിയിരുന്ന ഏറെ പ്രിയപ്പെട്ട പി.കെ. ശിവദാസൻ ഇനി ഓർമ്മ. വൈക്കം മേഖലയിലെ ഏറ്റവും മുതിർന്ന മാതൃഭൂമി ഏജന്റായ ചെമ്മനാകരി പുളിക്കിത്തറ പി.കെ. ശിവദാസൻ (83) ശനിയാഴ്ച പുലർച്ചെ നാലിനാണ് അന്തരിച്ചത്. 1960-മുതൽ മാതൃഭൂമിപത്രം വിതരണം ചെയ്തുവരുകയാണ് ശിവദാസൻ. 1970-ലാണ് മാതൃഭൂമി കുലശേഖരമംഗലം ഏജൻസി എടുത്തത്. പുലർച്ചെ 10 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് വൈക്കം മഹാദേവ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയശേഷമാണ് ശിവദാസൻ പത്രവിതരണം നടത്തിയിരുന്നത്.

ആദ്യകാലത്ത് എറണാകുളത്തുനിന്ന് തലയോലപ്പറമ്പ് വഴി വൈക്കത്തെത്തിച്ചിരുന്ന പത്രമെടുത്ത് ഉദയനാപുരം, ഇത്തിപ്പുഴ, കുലശേഖരമംഗലം, ചെമ്മനാകരി, ചെമ്പ്, കാട്ടിക്കുന്ന് വരെയുള്ള പ്രദേശങ്ങളിലായി 25 കിലോമീറ്റർ ദൂരം നിത്യവും സൈക്കിളിൽ സഞ്ചരിച്ചാണ് പത്രവിതരണം നടത്തിയിരുന്നത്. വാർത്തകൾ മാതൃഭൂമിയിലൂടെ പുറംലോകത്തെത്തിക്കാനുള്ള ചടുലമായ ഇടപെടലുകളും ശിവദാസൻ നടത്തിയിരുന്നു. ആദ്യകാലത്ത് ഏജന്റെന്ന ചുമതലയ്‌ക്കൊപ്പം ലേഖകനെന്ന രീതിയിൽ വാർത്തകളും അയച്ചിരുന്നു. ചൈനായുദ്ധകാലത്ത് ഡിഫൻസ് ഫണ്ട് നൽകാൻ രാഷ്ട്രീയകാരണങ്ങളാൽ ഒരു സർക്കാർ ജീവനക്കാരൻ വിസമ്മിച്ചത് ശിവദാസൻ മാതൃഭൂമിയെ അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥന് ചൈനാ പ്രേമമോ എന്ന തലക്കെട്ടിൽ മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചത് വലിയ ചർച്ചയായിരുന്നു.