വിളവെത്തിയ ഏത്തവാഴകൾ വെട്ടിനശിപ്പിച്ചു

100 വാഴകൾ നശിപ്പിച്ചു

തൃക്കൊടിത്താനം : കുലച്ചു വെട്ടാറായ 100 ഏത്തവാഴകൾ സമൂഹവിരുദ്ധർ വെട്ടിനശിപ്പിച്ചു. 80 സെന്റോളം പാട്ടത്തിനെടുത്ത വസ്തുവിൽ കൃഷിചെയ്ത വാഴകളാണ് വെട്ടിയിട്ടത്. വർഷങ്ങളായി സമീപപ്രദേശങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന വസ്തുക്കൾ പാട്ടത്തിനെടുത്ത് കൃഷിചെയ്ത് ഉപജീവനമാർഗം നടത്തുന്ന തൃക്കൊടിത്താനം കോട്ടമുറി അംബിഭാഗത്ത് പുതുപറമ്പിൽ ഓമനക്കുട്ടന്റെ വാഴകളാണ്‌ നശിപ്പിച്ചത്. കടംവാങ്ങിയും, പലിശക്ക് വായ്പയെടുത്തുമാണ് കൃഷി ചെയ്യുന്നത്.

വിളവെത്തി വെട്ടാൻ പാകമായിവന്ന ഏത്തവാഴയും, പകുതിയോളം വളർന്ന ഏത്തയ്ക്കാകളും തുണ്ടം തുണ്ടമായി അരിഞ്ഞിട്ട് സ്ഥിതിയിലാണ്. സമീപപ്രദേശങ്ങളിൽ നട്ട കപ്പ കിളിർത്തു പൊങ്ങി വരുന്നതേയുള്ളു. ഇങ്ങനെ ഒരു അനുഭവം ജീവിതത്തിൽ ആദ്യമായാണ് ഉണ്ടായതെന്ന്‌ ഓമനക്കുട്ടൻ പറഞ്ഞു. തൃക്കൊടിത്താനം പോലീസിൽ പരാതി നൽകി. തൃക്കൊടിത്താനം കൃഷി ഓഫീസറും മറ്റു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഏകദേശം 25,000 രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്‌.