പരാതിപ്പെട്ട് മടുത്തു; ശുചീകരണം നടത്തി നാട്ടുകാർ

ഏറ്റുമാനൂർ : ഏറ്റുമാനൂർ നഗരസഭയെയും അതിരമ്പുഴ ഗ്രാമപ്പഞ്ചായത്തിനെയും വേർതിരിക്കുന്ന ശക്തി റോഡിൽ മാലിന്യം തള്ളൽ പതിവായപ്പോൾ ശുചീകരണവുമായി ശക്തിനഗർ റെസിഡെൻസ് അസോസിയേഷൻ രംഗത്തിറങ്ങി. വഴിയരികിൽ കാടും പുല്ലും വളർന്നത് മാലിന്യം വലിച്ചെറിയുന്നവർ പ്രയോജനപ്പെടുത്തിയിരുന്നു.

നഗരസഭയ്ക്കും മറ്റും നിരവധി തവണ പരാതി നൽകിയിട്ടും പ്രയോജനമില്ലാതെ വന്നതോടെയാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. സ്‌കൂൾ കുട്ടികൾ ബസിൽ കയറിയിറങ്ങുന്ന ഈ പ്രദേശത്ത് കാട് വളർന്നത് ഇഴജന്തുക്കളുടെ വിഹാരത്തിനും മാലിന്യം വലിച്ചെറിയുന്നത് രോഗങ്ങൾ പടർന്നുപിടിക്കുന്നതിനും തെരുവുനായ്ക്കളുടെ ശല്യം വർധിക്കുന്നതിനും കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് കാടും പുല്ലും വെട്ടിമാറ്റി പരിസരം വൃത്തിയാക്കിയത്. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഇ.പി. സലീമിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.