കാഞ്ഞിരപ്പള്ളി ബസ്‌സ്റ്റാൻഡ് റോഡ് നവീകരണം തുടങ്ങി

കാഞ്ഞിരപ്പള്ളി : ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നിടത്തെ തകർന്ന് കിടന്നിരുന്ന റോഡിന്റെ നവീകരണം തുടങ്ങി. പഴയ ടാറിങ് പൊളിച്ചുനീക്കുന്ന പ്രവർത്തനങ്ങളാണ് തുടങ്ങിയത്.

നിർമാണത്തിന്റെ ഭാഗമായി റോഡ് അടച്ചതോടെ ബസ്‌സ്റ്റാൻഡിൽ പ്രവേശിക്കുന്നതിന് ദീർഘദൂര ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ദേശീയപാതയിൽ വിവിധയിടങ്ങളിലായി ബസ് സ്റ്റോപ്പ് പുനഃക്രമീകരിച്ചു. നിലവിൽ ബസ്‌സ്റ്റാൻഡിൽനിന്ന് ദേശീയപാതയിലേക്ക് ഇറങ്ങുന്ന വഴിയിലൂടെ ഏതാനം ഭാഗത്തേക്കുള്ള ബസുകൾ കയറിയിറങ്ങാൻ അനുവദിച്ചിട്ടുണ്ട്. ബസുകൾ ഏറെനേരം ദേശീയപാതയിൽ നിർത്തിയിടാൻ അനുവദിക്കില്ല. ദേശീയപാത 183-ൽനിന്ന് ബസ്‌സ്റ്റാൻഡിലേക്കുള്ള പുത്തനങ്ങാടി റോഡ് ബസ്‌സ്റ്റാൻഡ് പ്രവേശന കവാടം വരെയാണ് നവീകരിക്കുന്നത്. വരുംദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് മിനി സിവിൽ സ്റ്റേഷൻ മുതൽ പേട്ടക്കവല വരെയുള്ള ഭാഗത്തെ ഇരുവശങ്ങളിലെയും പാർക്കിങ് നിരോധിച്ചിട്ടുണ്ട്. ബസ്‌സ്റ്റാൻഡിന് മുൻപിൽ ബസുകൾ നിർത്തിയിട്ട് ആളെക്കയറ്റുന്നതും നിരോധിച്ചിട്ടുണ്ട്.

21 ദിവസത്തേക്കാണ് നിയന്ത്രണം നടപ്പാക്കുന്നത്. നിലവിൽ ഗതാഗതക്കുരുക്കുള്ള ഭാഗത്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. വരുംദിവസങ്ങളിൽ പട്ടണത്തിൽ ഗതാഗതക്കുരുക്ക് കൂടാനാണ് സാധ്യത. തിരക്ക് ഒഴിവാക്കാൻ ചെറുവാഹനങ്ങൾ പട്ടണത്തിൽ പ്രവേശിക്കാതെ ബൈപ്പാസ് ഉപയോഗപ്പെടുത്തണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

ബൈപ്പാസ് പ്രയോജനപ്പെടുത്താം

ഈരാറ്റുപേട്ട റോഡിൽനിന്ന് പൊൻകുന്നം ഭാഗത്തേക്ക് പോകേണ്ട ചെറുവാഹനങ്ങൾ കപ്പാടുനിന്ന് തിരിഞ്ഞ് തമ്പലക്കാട് വഴി പൊൻകുന്നത്ത് എത്താം.

ഈരാറ്റുപേട്ട റോഡിൽ ആനക്കല്ലിൽനിന്ന് തമ്പലക്കാട് റോഡിലെത്തി കാഞ്ഞിരപ്പള്ളി കുരിശിങ്കലിലെത്താം.

ഈരാറ്റുപേട്ട റോഡിൽനിന്ന് ആനക്കല്ല്- പൊന്മല റോഡിലൂടെ പൊടിമറ്റത്ത് ദേശീയപാതയിൽ പ്രവേശിക്കാം.

എരുമേലി ഭാഗത്തുനിന്ന് വരുന്ന ചെറുവാഹനങ്ങൾ കുറുവാമൂഴി, മലബാർകവല, പട്ടിമറ്റം എന്നിവിടങ്ങളിൽ തിരിഞ്ഞ് കാഞ്ഞിരപ്പള്ളി ടൗണിൽ പ്രവേശിക്കാതെ പൊൻകുന്നം, കാഞ്ഞിരപ്പള്ളി എന്നീ ഭാഗങ്ങളിലെത്താം.